ഫ്രഷ് കട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണം സംയുക്ത സമര സമിതി
കോഴിക്കോട്: കോടഞ്ചേരി, ഓമശേരി, താമരശേരി എന്നീപഞ്ചായത്തുകളിലെ 5000 ത്തിലധികം വരുന്ന കുടുംബങ്ങളുടെ ജലവും ശൂദ്ധവായുവും+
മലിനമാക്കുന്ന ഫ്രഷ്‌കട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2019 മുതല്‍പ്രദേശത്തെ ജനങ്ങള്‍ കോഴിമാലിന്യ പ്ലാന്റിനെതിരെ സമരം നടത്തി വരികയാണ്. പ്രതിദിനം 20 ലക്ഷത്തിലധികം ലാഭമുള്ള ഈ സ്ഥാപനത്തെ നിലനിര്‍ത്തുന്നതില്‍ നിലവിലുള്ള ഒരു എംഎല്‍എക്കും, മുന്‍ എംഎല്‍എക്കും പങ്കുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കള്‍, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, ശുചിത്വ മിഷന്‍ എന്നീസ്ഥാപനങ്ങളിലെയടക്കം ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഈ സ്ഥാപനം നിലനിന്നു കാണുന്നതില്‍ പങ്കുള്ളവരാണ്. കോഴിക്കോട് ജില്ലയില്‍ ഫ്രഷ്‌കട്ടിന് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. മറ്റു ജില്ലകളിലെല്ലാം ഇത്തരം നിരവധി പ്ലാന്റുകള്‍ ഉണ്ടായിരിക്കേ ഫ്രഷ്‌കട്ടിന് മാത്രം പ്രവര്‍ത്താനാനുമതി നല്‍കുന്നതില്‍ ദുരൂഹതയുണ്ട്.
മലപ്പുറം ജില്ലയില്‍ 14ഓളം ഇത്തരം പ്ലാന്റുകളുണ്ട്. മറ്റൊരു ജില്ലയിലും കോഴിക്കച്ചവടക്കാരോട് മാലിന്യമെടുക്കുമ്പോള്‍ പണം വാങ്ങാറില്ല. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ കിലോക്ക് 7മുതല്‍ 10രൂപവരെ വാങ്ങിയാണ്ഫ്രഷ് കട്ട് മാലിന്യം ശേഖരിക്കുന്നത്. ഇത്തരം മാലിന്യം ഇവര്‍ മറ്റ് ജില്ലകളിലെ പ്ലാന്റുകള്‍ക്ക് മറിച്ചുവിറ്റും പണം തട്ടിക്കുകയാണ്. വയനാട് ചുരത്തില്‍ നിന്നും ഉല്‍ഭവിച്ച് ഒഴുകിവരുന്ന ഇരുതുള്ളി പുഴയുടെ 50മീറ്റര്‍ ചുറ്റളവിലാണ് ഈ പ്ലാന്‍്‌റുകളുള്ളത്. കോഴിമാലിന്യം പുഴയിലും തള്ളുന്നു. ഈ ജലമാണ് എന്‍.ഐ.ടിയടക്കമുള്ള ഭാഗങ്ങളിലേക്കെത്തുന്നത്. പ്ലാന്റ്‌നില്‍ക്കുന്ന സ്ഥലത്ത് വന്‍ ഗര്‍ത്തങ്ങളുണ്ടാക്കിയും അറവ് മാലിന്യം കുഴിച്ച് മൂടുന്നുണ്ട്.
ഇതിന്റെ ദുര്‍ഗന്ധം കിലോമീറ്റര്‍ വരെ വ്യാപിക്കുകയാണ്. പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, ശുചിത്വ മിഷന്‍, ഡിഎല്‍എഫ്‌സി സമിതി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയാലും നടപടിയെടുക്കാന്‍ തയാറാകുന്നില്ല. പ്രദേശത്തെ പലരും രോഗികളായി കഴിഞ്ഞിട്ടുണ്ട്. ഫ്രഷ് കട്ട് പെല്യുഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ റെഡ് കാറ്റഗറിയില്‍ പെട്ടസ്ഥാപനമാണ്. കോഴിക്കോട് ജില്ലാ കലക്ടര്‍ തന്നെ വ്യക്തമാക്കിയത് 90ടണ്‍ കോഴിമാലിന്യമുണ്ടാകുന്നുണ്ടെന്നാണ്. ഫ്രഷ്‌കട്ടിന് സംസ്‌കരിക്കാന്‍ ശേഷിയുള്ളത് 30ടണ്‍ മാത്രമാണ്. കോഴിക്കടകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം റോഡിലും പൊതുഇടങ്ങളിലും തള്ളുന്ന പതിവുമുണ്ട്. ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി ഉടമകള്‍ ഉത്തരവുകള്‍ നേടുന്നത്. കമ്പനിക്കെതിരെ ചുമത്തിയ 36ലക്ഷം ഫൈനും ഉന്നത ഇടപെടല്‍ കാരണം നിര്‍ത്തലാക്കി എന്നാണറിയുന്നത്. 30.03.2025 ന് ഈ സ്ഥാപനത്തിന് കട്ടിപ്പാറ പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് തീരുകയാണ്.ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ആവശ്യപ്പെടുകയാണ്. ഇപ്പോള്‍ ഡിഎല്‍എഫ്‌സി ലൈസന്‍സിലാണ് പ്രവര്‍ത്തിക്കുന്നത്.
ഫ്രഷ്‌കട്ട് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ബാബു കുടക്കില്‍, കണ്‍വീനര്‍ അജ്മല്‍ എ, ആന്റോ എംകെ, പുഷ്പന്‍ നന്ദനം എന്നിവര്‍ പങ്കെടുത്തു.