കൊച്ചി:വികസന കുതിപ്പിന് കരുത്തുപകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള പദ്ധതിയില്‍ പ്രമുഖ മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളത്തില്‍ 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേയാണിത്. വികസന കുതിപ്പിന് കരുത്തുപകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഡോ. ആസാദ് മൂപ്പന് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി രാജീവുമായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്മാന് കൂടിയായ ഡോ. ആസാദ് മൂപ്പനും ഡയറക്ടര്‍ അനൂപ് മൂപ്പനും കൂടിക്കാഴ്ച നടത്തി. രണ്ട് പദ്ധതികളാണ് ആസ്റ്റര്‍ പുതുതായി കേരളത്തില്‍ ആവിഷ്കരിക്കുന്നത്. 454 കിടക്ക സൗകര്യമുള്ള ആസ്റ്റര്‍ ക്യാപിറ്റല്‍ ട്രിവാന്‍ഡ്രം, 264 കിടക്കകളുള്ള ആസ്റ്റര്‍ മിംസ് കാസര്‍കോട് എന്നി രണ്ട് ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളാണ് സംസ്ഥാനത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. 962 കിടക്ക സൗകര്യമുള്ള ഒന്നായി കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയെ വികസിപ്പിക്കും.
2027 സാമ്പത്തികവര്‍ഷത്തോടെ മൊത്തം കിടക്കകളുടെ എണ്ണം 3,453 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ സംസ്ഥാനത്ത് ഏഴു ആശുപത്രികളിലായി ആസ്റ്ററിന് 2,635 കിടക്കകളുണ്ട്. കമ്പനിയുടെ ഇന്ത്യന്‍ വരുമാനത്തിന്റെ 53 ശതമാനം വിഹിതവും ഈ ഏഴു ആശുപത്രികളില്‍ നിന്നാണ്. ഈ സാമ്പത്തിക വര്‍ഷം കൊച്ചിയില്‍ നൂറ് കിടക്കകള്‍ കൂടി വര്‍ധിപ്പിച്ചു. ആരോഗ്യ സംരക്ഷണ നവീകരണത്തിലും മറ്റും മുന്‍നിരയില്‍ നില്ക്കുന്ന കേരളത്തിന്റെ സാധ്യതകള്‍ കണ്ടു കൊണ്ടാണ് വിപുലീകരണ പദ്ധതികള്‍ക്ക് രൂപം നല്‍കിയതെന്ന് ആസാദ് മൂപ്പന് പറഞ്ഞു. ആയിരക്കണക്കിന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ 12700ലധികം പ്രൊഫഷണലുകള്‍ക്ക് ആസ്റ്റര്‍ നേരിട്ട് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 4,200 തൊഴിലവസരങ്ങള്‍ കൂടി തുറക്കും.
വികസന കുതിപ്പിന് കരുത്തേകാന്‍
850 കോടി നിക്ഷേപവുമായി ആസ്റ്റര്‍