സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സല്‍ അന്തരിച്ചു

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സല്‍ അന്തരിച്ചു

ചെന്നൈ: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസ്സല്‍ (60) അന്തരിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ഒരു മാസം മുന്‍പാണ് റസല്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി. എണ്‍പതുകളിലെ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.15 വര്‍ഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 28 വര്‍ഷമായി ജില്ലാക്കമ്മിറ്റിയിലും അംഗമാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്നു. സി.ഐ.ടി.യു. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. 2006-ല്‍ ചങ്ങനാശ്ശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.

ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.

 

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സല്‍ അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *