കൊച്ചി : സംസ്ഥാനം വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കുള്ള ചുവട് വെപ്പിന്റെ ഭാഗമായി ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി. മൂവായിരത്തിലധികം പ്രതിനിധികളാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നത്. സ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇന്‍വെസ്റ്റ് കേരള മുതല്‍ക്കൂട്ടാവുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.
കേരളത്തിലെത്തുന്ന നിക്ഷേപകര്‍ക്ക് ചുവപ്പുനാട കുരിക്കിനെ പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും വ്യവസായ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്ററായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. വ്യവസായങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. റോഡ്, റെയില്‍ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കി. ദേശീയ പാതകള്‍ മാത്രമല്ല എല്ലാ റോഡുകളുടെയും വികസനം ഉറപ്പാക്കി. പവര്‍കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഭൂമി കിട്ടാത്തതിന്റെ പേരില്‍ ഒരു നിക്ഷേപകനും കേരളത്തില്‍ നിന്ന് മടങ്ങേണ്ടി വരില്ല. 100 ല്‍ 87 കേരളീയര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇത് ദേശീയ ശരാശരിക്കും മുകളിലാണെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി’ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷ നല്‍കുന്നതായി വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി.
ദൈവത്തിന്റെ നാട് വ്യവസായങ്ങളുടെ സ്വര്‍ഗമാണെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമായ ഭിന്നതകള്‍ വ്യവസായത്തിന്റെ കാര്യത്തില്‍ മാറ്റിവയ്ക്കും. ജനങ്ങളുടെ അടിസ്ഥാന അവകാശമായി ഇന്റനെറ്റ് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. മികച്ച മനുഷ്യവിഭവ ശേഷി കേരളത്തിന് ഉറപ്പാക്കാന്‍ കഴിയുമെന്നും വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി.
വ്യവസായ നിക്ഷേപ രംഗത്ത് വലിയ ചുവട്‌വെപ്പുമായി
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന്
കൊച്ചിയില്‍ തുടക്കമായി