കോഴിക്കോട്: ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാനഘടകം ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ 31-ാമത് സംസ്ഥാനസമ്മേളനം ഫെബ്രുവരി 22, 23 തീയതികളിലായി കോഴിക്കോട് സുമംഗലി കല്യാണമണ്ഡപത്തില്‍ നടക്കും.പൊതുമേഖലാ, സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളില്‍ നിന്നായി ഇരുപത്തിയാറു യൂണിയനുകളെയും സംസ്ഥാനത്തെ പതിനാലു ജില്ലാ കമ്മിറ്റികളേയും പ്രതിനിധീകരിച്ച് അറനൂറു പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളന നടത്തിപ്പിനായി ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ ബഹുജന സംഘടനാ നേതാക്കളുമടങ്ങുന 251 -അംഗ സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്‌സഭാംഗം എം കെ രാഘവന്‍ സ്വാഗത സംഘം ചെയര്‍മാനും ഷാഫി പറമ്പില്‍ എംപി, എംഎല്‍എ മാരായ ഇ കെ വിജയന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ എം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, കെ കെ രമ, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് എന്നിവര്‍ രക്ഷാധികാരികളുമാണ്.
ഫെബ്രുവരി 22 ന് രാവിലെ 9 30ന് സുമംഗലി കല്യാണമണ്ഡപത്തില്‍ (ടികെവി നഗര്‍)പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പത്തു മണിയ്ക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്യും. എകെബിഇഎഫ് സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാംപ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി ജയപ്രകാശ് വരവുചെലവ് കണക്കുകളും അവതരിപ്പിക്കും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, എഐബിഇഎ വനിതാ കൗണ്‍സില്‍ ദേശീയ കണ്‍വീനര്‍ റിച്ചാ ഗാന്ധി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പ്രതിനിധി-ചര്‍ച്ചകള്‍ ആരംഭിക്കും.
വൈകിട്ട് 4.30ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച് ടൗണ്‍ഹാളില്‍ എത്തിച്ചേരുന്ന പ്രകടന ജാഥയില്‍ ആയിരത്തിലധികം ബാങ്ക് ജീവനക്കാര്‍ അണിനിരക്കും.
ടൗണ്‍ഹാളില്‍ എഐബിഇഎ സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എംപി, സി എച്ച് വെങ്കടാചലം, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജരുമായ കെ എസ് പ്രദീപ്, ഇ കെ വിജയന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. എഐബിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാംപ്രകാശ് സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ബോധിസത്വന്‍ കെ റെജി നന്ദിയും പറയും. തുടര്‍ന്ന് സുമംഗലി കല്യാണമണ്ഡപത്തില്‍ ബാങ്ക് ജീവനക്കാരുടെ സംഗീത, കലാ പരിപാടികള്‍ നടക്കും.
23 ന് (ഞായര്‍) 9.30 ന് പ്രതിനിധിചര്‍ച്ചകള്‍ പുനരാരംഭിക്കും. എഐബിഇഎ മുന്‍ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കെ ശ്രീനിവാസന്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
സി ഡി ജോസണ്‍ എന്നിവര്‍ ആശംസകള്‍ നേരും.ഉച്ചക്ക് ശേഷം ചര്‍ച്ചയ്ക്കുള്ള ജനറല്‍ സെക്രട്ടറിയുടെ മറുപടിയ്ക്കു ശേഷം സമ്മേളനപ്രമേയങ്ങള്‍ അവതരിപ്പിച്ച് അംഗീകരിക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളന നടപടികള്‍ പൂര്‍ത്തിയാകും. വൈകിട്ട് 4 30 ന് സമ്മേളനം സമാപിക്കും.
സാമ്പത്തികവികാസവും സാമൂഹ്യ ഉന്നമനവും പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് (ഗ്രാമീണ്‍ ബാങ്കുകളടക്കം) രാജ്യമെമ്പാടുമായി ഒരു ലക്ഷത്തി ഏഴായിരം ശാഖകളുണ്ട്. വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ ആവിഷ്‌ക്കരിക്കുന്ന നിരവധി വായ്പാ അധിഷ്ടിത പദ്ധതികള്‍ (ഇപ്പോഴത്തെ മുദ്രാവായ്പകള്‍ ഉള്‍പ്പെടെ) കാര്യക്ഷമമായി നടപ്പാക്കിയിട്ടുണ്ട്. പക്ഷേ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരണ-ലയനനയങ്ങള്‍ക്കു വിധേയമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് ലയനങ്ങള്‍ സേവനങ്ങളെ പ്രതികൂലമായി ബാധിച്ചു. എണ്ണായിരത്തില്‍പരം ശാഖകള്‍ ഇല്ലാതായി. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ന്യായമായ പലിശ നല്‍കാത്തതും സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതും മിനിമം ബാലന്‍സ് കുറയുമ്പോള്‍ പിഴ ഈടാക്കുന്നതും ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. വര്‍ദ്ധിക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ ആശങ്കകള്‍ ഉണര്‍ത്തുന്നു.
ബാങ്കുകളില്‍ ആകമാനമുള്ള രണ്ടു ലക്ഷത്തിലേറെ സ്ഥിരജീവനക്കാരുടെ കുറവ് നികത്തണമെന്ന് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആവശ്യപ്പെടുന്നത്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നിലനില്‍ക്കുകയും അവ നികത്തപ്പെടേണ്ടത് ബാങ്കുകളുടെ സുസ്ഥിരവികസനത്തിന് അത്യാവശ്യമായിരിക്കുകയും ചെയ്യവേ ഈ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്താതെ കരാര്‍ സമ്പ്രദായ പ്രകാരം തൊഴില്‍ അന്വേഷകരെ നിയമിച്ച് തൊഴില്‍ ചൂഷണത്തിനുള്ള വഴിയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
ഒരുവശത്ത് വന്‍കിട കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതി തള്ളിയും മറുവശത്ത് സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ നടത്തിയും ബാങ്കിംഗ് വ്യവസായത്തെ തന്നെ ദേശസാല്‍ക്കരണത്തിനു മുന്നേയുള്ള കാലഘട്ടത്തിലേക്ക് തള്ളി വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കണമെന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.
ബാങ്കിംഗ് മേഖല മാര്‍ച്ച് 24, 25 തീയതികളിലായി ദേശവ്യാപക പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് എകെബിഇഎഫ് സംസ്ഥാന സമ്മേളനം നടക്കുന്നത്. പന്ത്രണ്ട് പ്രധാന ആവശ്യങ്ങളുന്നയിച്ച് എഐബിഇഎ അടക്കമുള്ള ഒമ്പതു യൂണിയനുകളാണ് പണിമുടക്ക് തീരുമാനമെടുത്തിട്ടുള്ളത്.
ആവശ്യാനുസരണം നിയമനങ്ങള്‍ നടത്തണമെന്നും ബാങ്കുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകളെല്ലാം നികത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
ജീവനക്കാരുടെ കുറവും സാങ്കേതിക പ്രശ്‌നങ്ങളും കാരണം ചിലയിടങ്ങളിലെങ്കിലും ജീവനക്കാരും ഇടപാടുകാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. ജീവനക്കാര്‍ ശാരീരികമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ പോലും വര്‍ദ്ധിക്കുകയാണ്. ഈ അവസരത്തിലാണ് തൊഴിലിടത്തിലെ സുരക്ഷ ഉറപ്പാക്കണം എന്ന ആവശ്യവുമായി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടിവരുന്നത്.
അമിത ജോലി ഭാരത്താല്‍ നട്ടം തിരിയുന്ന ജീവനക്കാര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായി, തൊഴില്‍ – ജീവിത സന്തുലനം സാധ്യമാക്കാന്‍ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കണമെന്ന എന്ന ദീര്‍ഘകാല ആവശ്യം യൂണിയനുകള്‍ വീണ്ടും ഉന്നയിക്കുന്നു.
ബാങ്കുകള്‍ സ്വയംഭരണ അവകാശമുള്ള സ്ഥാപനങ്ങളാണെന്നിരിക്കെ അവയുടെ ഭരണസംവിധാനമായ ഡയറക്ടര്‍ ബോര്‍ഡിനെ ഉള്‍പ്പെടെ മറികടന്നുകൊണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വഴി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സൂക്ഷ്മ ഇടപെടലുകള്‍ അംഗീകരിക്കത്തക്കതല്ല. വ്യവസായ തര്‍ക്ക നിയമപ്രകാരം നിലനില്‍ക്കുന്നതും മാനേജ്‌മെന്റും ജീവനക്കാരും ഉഭയകക്ഷി ചര്‍ച്ചകള്‍ വഴി നിശ്ചയിച്ചിട്ടുള്ളതുമായ സേവനവേതന വ്യവസ്ഥകളെ ലംഘിക്കുന്നു. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പ്രതിനിധികളെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റുന്നുമില്ല.
ബാങ്ക് സ്വകാര്യവല്‍ക്കരണ നയം ഉപേക്ഷിക്കണമെന്നും ഐഡിബിഐ ബാങ്കിലുള്ള സര്‍ക്കാര്‍ ഓഹരി ചുരുങ്ങിയത് 51% എങ്കിലും ആയി നിലനിര്‍ത്തണമെന്നും ദേശവ്യാപക പണിമുടക്കിന്റെ ഭാഗമായി യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
പന്ത്രണ്ടാം ഉഭയകക്ഷിക്കരാര്‍ യാഥാര്‍ത്ഥ്യമായി ഒരു വര്‍ഷം പിന്നിടുകയാണ്. തുടര്‍ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ച ഏതാനും ആവശ്യങ്ങള്‍ ഇതുവരെയും നിവര്‍ത്തിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, നിലവില്‍ ഉഭയകക്ഷി കരാര്‍ പ്രകാരം ജീവനക്കാര്‍ക്ക് ലഭ്യമായി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും വരുമാനനികുതി ചുമത്തുന്ന സാഹചര്യം കൂടി നിലനില്‍ക്കുന്നു. ഈ വിഷയങ്ങളും സമരത്തിന് ആസ്പദമായ കാരണങ്ങളില്‍ പെടുന്നു. വിവിധങ്ങളായ പ്രചാരണ പ്രക്ഷോഭ പരിപാടികളും പാര്‍ലമെന്റ് ധര്‍ണ അടക്കമുള്ള ബഹുജന മുന്നേറ്റങ്ങളും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ ഗൗരവതരമായ സാഹചര്യങ്ങളിലാണ് എഐബിഇഎയുടെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ആതിഥ്യമരുളുന്നത്.
സമ്മേളന ആശയ പ്രചാരണാര്‍ത്ഥം പൊതുജനങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിവിധങ്ങളായ കലാ കായിക മത്സരങ്ങളും പ്രചരണ ജാഥകളും സംഘടിപ്പിച്ചു. വാഹന പ്രചരണ ജാഥ, ക്വിസ്സ് മത്സരം ക്രിക്കറ്റ്, ഫുട്‌ബോള്‍, മിനി മാരത്തോണ്‍ എന്നിവ പൂര്‍ത്തിയായി. ചിരി മത്സരം, റീല്‍സ് മത്സരം, കഥ, കവിത മിനിക്കഥ, കാര്‍ട്ടൂണ്‍, മുദ്രാവാക്യ മത്സരം എന്നിവയുടെ ഫലപ്രഖ്യാപനം ഈ ദിവസങ്ങളിലുണ്ടാകും. സാമൂഹിക പ്രതിബദ്ധത പരിപാടികളായി കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയില്‍ രക്തദാന ക്യാമ്പും ആശാഭവന്‍ അന്തേവാസികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണ വിതരണവും നടന്നു.
വാര്‍ത്താ സമ്മേളനത്തില്‍ കെ എസ് കൃഷ്ണ, പ്രസിഡന്റ്, എഐബിഇഎ കേരള, ബി രാംപ്രകാശ്, ജനറല്‍ സെക്രട്ടറി, എഐബിഇഎ കേരള, എന്‍ വിനോദ്കുമാര്‍, വൈസ് പ്രസിഡന്റ്, എഐബിഇഎ – കേരള, ബോധിസത്വന്‍ കെ റെജി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍,വി വി രാജന്‍, സ്വാഗത സംഘം ഉപാദ്ധ്യക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.