രേഖാ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രേഖാ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ബിജെപിയുടെ വനിതാ മുഖ്യമന്ത്രിയായി ഡല്‍ഹിയില്‍ രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് രേഖാ ഗുപ്ത അധികാരത്തിലെത്തുന്നത്. സുഷമാ സ്വരാജിന് ശേഷം ബിജെപിയില്‍ നിന്നും മുഖ്യമന്ത്രി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ നേതാവുമാണ്് രേഖ.26 വര്‍ഷത്തിന് ശേഷമാണ് ബിജെപി രാജ്യതലസ്ഥാനത്ത് വീണ്ടും ഭരണത്തിലെത്തുന്നത്.

അഭിഭാഷകയായ രേഖ ഗുപ്ത ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് വിജയിച്ചത്. ബിജെപി നേതാക്കളായ പര്‍വേശ് വര്‍മ, ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദര്‍ ഇന്ദ്രജ് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച പര്‍വേശ് വര്‍മ ഉപമുഖ്യമന്ത്രിയാണ്.

മുന്‍മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനായ പര്‍വേശ് വര്‍മ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ വനിതാ നേതാവ് മുഖ്യമന്ത്രിയാകട്ടെ എന്ന ആര്‍എസ്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് രേഖ ഗുപ്തയെ സഭാനേതാവായി തെരഞ്ഞെടുത്തത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍, എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാമി ചിദാനന്ദ, ബാബ ഭാഗേശ്വര്‍ ധീരേന്ദ്ര ശാസ്ത്രി, ബാബാ രാംദേവ് തുടങ്ങിയ മതനേതാക്കളും, വ്യവസായ പ്രമുഖരും 50 ഓളം സിനിമാതാരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

1993-98 കാലയളവിലാണ് നേരത്തെ ബിജെപി ഡല്‍ഹിയില്‍ ഭരണം കയ്യാളിയിരുന്നത്. പുതിയ മന്ത്രിസഭയുടെ ആദ്യയോഗം വൈകീട്ട് ചേരും. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ, സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ലഭിക്കുന്ന മഹിളാ സമൃദ്ധി യോജന പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കിയേക്കും.നിയമസഭ തെരഞ്ഞെടുപ്പില്‍ 70 അംഗ സഭയില്‍ 48 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.

 

രേഖാ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 

Share

Leave a Reply

Your email address will not be published. Required fields are marked *