കോഴിക്കോട്: ജില്ലയിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വീടുകളെ മാലിന്യമുക്ത ‘ഹരിത ഭവനം’ ആക്കുന്ന പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്നും നയിച്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ ഈ അധ്യയനവര്‍ഷം സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നു. പടിയിറങ്ങുന്ന വിദ്യാഭ്യാസ ഓഫീസര്‍ക്ക് ‘ഹരിതപൂര്‍വ്വം’ എന്ന പേരില്‍ ജനകീയ യാത്രയയപ്പ് നല്‍കുന്നു. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ നടക്കുന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം പ്രശോഭ് മുഖ്യാതിഥി ആകും. ഡയറ്റ് പ്രിന്‍സിപ്പല്‍, കോഴിക്കോട് ഡിഇഒ, സിറ്റി എ ഇ ഒ, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ഡി ഡി ഇ സ്റ്റാഫ്, എച്ച് എം ഫോറം,നിറവ് ഇവയുടെ പ്രതിനിധികള്‍, മനോജിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഡി ഡി ഇ ക്ക് പുഷ്പങ്ങള്‍ നല്‍കിക്കൊണ്ടുള്ള പുഷ്പാദരം, ഗാനങ്ങള്‍ പാടി കൊണ്ടുള്ള സംഗീതാദരം, ചിത്രങ്ങള്‍ വരച്ചുകൊണ്ടുള്ള ചിത്രാദരം, കവിത ചൊല്ലി കൊണ്ടുള്ള കാവ്യാദരം, മാജിക്, കൈപുസ്തകം എന്നിവ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും.
മണിയൂര്‍ സ്വദേശിയായ മനോജ് സേവനം ആരംഭിക്കുന്നത് 1997ല്‍ മേപ്പയ്യൂര്‍ ജി വി എച്ച് എസ് എസില്‍ ചരിത്രാധ്യാപകന്‍ ആയി കൊണ്ടാണ്. പിഎസ്സിയുടെ ഡിഇഒ പരീക്ഷയില്‍ എ വണ്‍ റാങ്ക് നേടി വടകര ഡിഇഒ ആയി. പിന്നീട് തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡി ഡി ഇ ആയി. തിരുവനന്തപുരം ജില്ലയെ സമ്പൂര്‍ണ്ണ ക്ലാസ് റൂം ലൈബ്രറി ഉള്ള ജില്ലയായി പ്രഖ്യാപിക്കാന്‍ അവിടെ ഡിഡിഇ ആയിരിക്കുമ്പോള്‍ കഴിഞ്ഞു. സ്റ്റാഫ് റൂം ലൈബ്രറി എന്ന ആശയവും നടപ്പിലാക്കിയിട്ടുണ്ട്. ഹരിത ഭവനം പദ്ധതിയില്‍ 12000ലേറെ വിദ്യാര്‍ഥികളുടെ വീടുകള്‍ ഹരിതഭവനങ്ങള്‍ ആക്കി മാറ്റി. ഗാനങ്ങള്‍, കവിതകള്‍, കഥകള്‍ എന്നിവ രചിച്ചിട്ടുണ്ട്. 14 പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നിരവധി കലോത്സവങ്ങള്‍ക്ക് സ്വാഗത ഗാനം രചിച്ചു. അദ്ധ്യാപക കലാ സാഹിത്യ വേദി പുരസ്‌കാരം, കൈരളി അറ്റ്‌ലസ് പുരസ്‌കാരം, ഹിസ്റ്ററി ആന്‍ഡ് ഫണ്ടമെന്റല്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ സാഹിത്യ രത്‌ന പുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, അക്ബര്‍ കക്കട്ടില്‍ കഥ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
യാത്രയയപ്പിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍, സെക്രട്ടറി സെഡ് എ സല്‍മാന്‍, ട്രഷറര്‍ എം ഷഫീഖ് എന്നിവര്‍ അറിയിച്ചു.