ലഖ്നൗ: ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്നാനത്തിന് മാത്രമല്ല, കുടിക്കാനും ശുദ്ധമാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗാ നദിയില്‍ പലയിടത്തും മനുഷ്യ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നുവെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) റിപ്പോര്‍ട്ടിനെതിരെയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സനാതന ധര്‍മ്മത്തിനും ഗംഗാ മാതാവിനും ഇന്ത്യയ്ക്കും കുംഭമേളയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുംഭമേളയില്‍ പുണ്യസ്നാനം നടത്തിയ കോടിക്കണക്കിന് പേരുടെ വിശ്വാസം വെച്ച് കളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് ഗംഗാനദിയില്‍ പലയിടത്തും കോളിഫോം ബാക്ടീരിയയുടെ അളവ് ഉയര്‍ന്ന തോതിലാണെന്ന കണ്ടെത്തലുള്ളത്. ഈ റിപ്പോര്‍ട്ടിനെതിരെയാണ് യോഗി രംഗത്തെത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇത്.
കുംഭമേള ഏതെങ്കിലും സംഘടനയോ പാര്‍ട്ടിയോ അല്ല സംഘടിപ്പിക്കുന്നത്. ഇത് സമൂഹത്തിന്റേതാണെന്നും കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തെ കുറിച്ചും യുപി മുഖ്യമന്ത്രി പ്രതികരിച്ചു. ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്ന സേവകന്‍ മാത്രമാണ് സര്‍ക്കാര്‍. ഈ നൂറ്റാണ്ടിലെ കുഭമേളയില്‍ സഹകരിക്കാന്‍ തങ്ങളുടെ സര്‍ക്കാരിന് കഴിഞ്ഞത് ഭാഗ്യമാണെന്നും യോഗി പറഞ്ഞു.
കുംഭമേള സമാപിക്കാന്‍ ഏഴ് ദിവസം കൂടി ബാക്കിനില്‍ക്കെ ഇതുവരെ 56 കോടി ഭക്തരാണ് പുണ്യസ്നാനം നടത്തിയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്നാനത്തിന് മാത്രമല്ല,
കുടിക്കാനും ശുദ്ധം; യോഗി ആദിത്യനാഥ്