പുതിയ നിയമങ്ങളുമായി ഫാസ്ടാഗ് ഇന്ന് മുതല്‍
ന്യൂഡല്‍ഹി: പുതിയ ഫാസ്ടാഗ് നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ദേശീയപാതകളില്‍ വാഹനങ്ങളിലെ ടോള്‍ ഇടപാടുകള്‍ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകള്‍ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.
ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലോ ഹോട്ട്ലിസ്റ്റില്‍ പെടുകയോ ടോള്‍ ബൂത്തില്‍ എത്തുന്നതിന് ഒരു മണിക്കൂറിലധികം മുമ്പ് ബാലന്‍സ് കുറവാവുകയോ ചെയ്താല്‍ ഇടപാട് നിരസിക്കപ്പെടും. ടോള്‍ബൂത്തില്‍ ഫാസ്ടാഗ് സ്‌കാന്‍ ചെയ്തശേഷവും 10 മിനിറ്റ് ടാഗ് ബ്ലാക്ക്ലിസ്റ്റിലും നിഷ്‌ക്രിയാവസ്ഥയിലും തുടരുകയാണെങ്കിലും ഇടപാട് നിരസിക്കപ്പെടും. ഇതോടെ പിഴയായി ടോള്‍ ഫീസിന്റെ ഇരട്ടി ഈടാക്കും.
ടോള്‍ ബൂത്തില്‍ എത്തുന്നതിന് മുമ്പ് 60 മിനിറ്റിലധികം ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് അവസാന നിമിഷം റീചാര്‍ജ് ചെയ്യാന്‍ കഴിയില്ല. അതേസമയം, ഇടപാടിന് ശ്രമിച്ച് 10 മിനിറ്റിനുള്ളില്‍ റീചാര്‍ജ് ചെയ്താല്‍ പെനാല്‍റ്റി റീഫണ്ടിന് അര്‍ഹതയുണ്ടാകും.
തടസ്സമില്ലാത്ത ഇടപാടുകള്‍ ഉറപ്പാക്കാനും പിഴകള്‍ ഒഴിവാക്കാനുമായി ഫാസ്ടാഗ് ഉപയോക്താക്കള്‍ ടോള്‍ പ്ലാസകളില്‍ എത്തുന്നതിന് മുമ്പ് അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സ് നിലനിര്‍ത്തണം. ബ്ലാക്ക്ലിസ്റ്റ് ചെയ്യുന്നത് തടയാന്‍ ഗഥഇ വിശദാംശങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യണം. ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ് ഫാസ്ടാഗിന്റെ തല്‍സ്ഥിതി പരിശോധിക്കുകയും വേണം. നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ (https://www.npci.org.in/) ഫാസ്ടാഗിന്റെ തല്‍സ്ഥിതി അറിയാന്‍ സാധിക്കും.