തൃശൂര്‍: ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ചാലക്കുടി ബാങ്ക് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണി പെരുമാറിയത്.നാട്ടില്‍ ആഡംബര ജീവിതം നയിച്ച് റിജോയിലേക്ക് ഒരിക്കലും ആരുടേയും സംശയം നീണ്ടിരുന്നില്ല. കവര്‍ച്ച നടത്തിയ ശേഷവും വീട്ടിലെത്തി തമാശകള്‍ പറഞ്ഞും അയല്‍ക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവര്‍ച്ചയെക്കുറിച്ചു അയല്‍ക്കാര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതിലും റിജോ സജീവമായി.
വീട്ടില്‍ നടത്തിയ കുടുംബ യോഗത്തിലും പ്രതി ഇതേക്കുറിച്ചു ചര്‍ച്ച നടത്തി. അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കായി പൊലീസ് നാടാകെ പരക്കം പായുമ്പോള്‍ അതിന്റെ വാര്‍ത്തകള്‍ വീട്ടിലിരുന്നു മൊബൈല്‍ ഫോണില്‍ കാണുകയായിരുന്നു റിജോ.
വളരെ ആസൂത്രിതമായി ചെറിയ തെളിവുകള്‍ പോലും ശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയില്‍ താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു റിജോ. മങ്കി ക്യാപും അതിനു മുകളിലെ ഹെല്‍മറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കുമെന്നു കരുതി. ഇടയ്ക്ക് വഴിയില്‍ വച്ച് വസ്ത്രം മാറുമ്പോള്‍ പോലും ഹെല്‍മറ്റ് മാറ്റിയില്ല.
ബാങ്കില്‍ നിന്നു ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്ക് പല ഇട റോഡുകള്‍ മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ലൗസ് ധരിച്ചതിനാല്‍ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു. യാത്രയ്ക്ക് മുന്‍പ് നീക്കം ചെയ്ത സ്‌കൂട്ടറിന്റെ കണ്ണാടി തിരികെ പിടിപ്പിച്ചും ആശയക്കുഴപ്പമുണ്ടാക്കാനും നോക്കി.
മോഷ്ടിച്ച ശേഷം സഹപാഠിക്ക് നല്‍കാനുണ്ടായിരുന്ന 2.49 ലക്ഷം രൂപ റിജോ തിരികെ നല്‍കി. മോഷണ മുതലാണ് റിജോ തനിക്ക് നല്‍കിയതെന്ന് അറിഞ്ഞപ്പോള്‍ സഹപാഠി സ്‌റ്റേഷനിലെത്തി പണം പൊലീസിനെ ഏല്‍പ്പിച്ചു.
പൊലീസ് അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാള്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. പ്രതിയുടെ ചിന്ത ഈ വഴിക്കായിക്കുമെന്ന് കരുതിത്തന്നെയാണ് പൊലീസ് സംഘം അന്വേഷണം മുന്നോട്ട് നയിച്ചത്. ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ഊടുവഴികളിലും ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മാത്രമല്ല, മോഷണത്തിനായി ഇയാള്‍ ബാങ്കിലേക്ക് എത്തിയ വഴികളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
ഇയാള്‍ സഞ്ചരിച്ച വഴികളിലുള്ള സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിനു ചിലയിടങ്ങളില്‍ ഇയാളെ കാണാതാകുന്നതായി മനസിലായി. ഇയാള്‍ സഞ്ചരിച്ചിരുന്ന റൂട്ടില്‍ ചില സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ഉണ്ടാകും, എന്നാല്‍ ചിലയിടങ്ങളില്‍ ഉണ്ടാകില്ല. സ്വാഭാവികമായും എവിടെയൊക്കെ വച്ചാണ് ഇയാള്‍ സിസിടിവികളില്‍ നിന്ന് മറഞ്ഞ് സഞ്ചരിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു.
പ്രധാനവഴികളിലെ സിസിടിവികളില്‍ നിന്ന് ഒഴിഞ്ഞ് പ്രതി സഞ്ചരിച്ച ഊടുവഴികളിലൂടെയായി പിന്നീട് പൊലീസിന്റെ അന്വേഷണം. ഈ ഊടുവഴികളില്‍ ഉണ്ടായിരുന്ന ചില സിസിടിവികളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതോടെ പൊലീസ് ഊടുവഴികള്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പെരുമാറി റിജോ