ന്യൂഡല്‍ഹി: അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ കണ്ടെത്തി നാടുകടത്തല്‍, രണ്ടാം ബാച്ച് ശനിയാഴ്ച അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക വിമാനമായ സി-17-ല്‍ തന്നെയാണ് ഇത്തവണയും നാടുകടത്തുന്നവര്‍ എത്തുകയെന്നാണ് വിവരം. 119 പേരുമായാണ് യു.എസില്‍ നിന്ന് സൈനിക വിമാനം പുറപ്പെട്ടത്. എന്നാല്‍ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കു ശേഷം വരുന്ന ഇന്ത്യക്കാരെ ആദ്യ വിമാനത്തിലെത്തിയവരെ പോലെ കൈകാലുകള്‍ ബന്ധിച്ച് ആണോ ഇത്തവണയും എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് ജനം.
അമൃത്സര്‍ വിമാനത്താവളത്തിലാണ് യു.എസ് വിമാനം പറന്നിറങ്ങുക. എല്ലാവരും ഉറ്റുനോക്കുന്നതും അതുതന്നെയായിരിക്കും. ഇത്തവണയും നാടുകടത്തിയവരുടെ കൈകാലുകള്‍ ബന്ധിച്ചാണോ കയറ്റി അയച്ചതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഇന്ത്യന്‍ നയതന്ത്രത്തിന്റെ പരീക്ഷണം കൂടിയാണ് ഇത് എന്നാണ് കോണ്‍ഗ്രസ് നേതാവായ പി.ചിദംബരം എക്സില്‍ കുറിച്ചത്. ആദ്യമെത്തിച്ച കുടിയേറ്റക്കാരുടെ കൈകാലുകള്‍ ബന്ധിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരിക്കും നാടുകടത്തപ്പെട്ടവരുമായുള്ള രണ്ടാം വിമാനം അമൃത്സറില്‍ ഇറങ്ങുകയെന്നാണ് സൂചന. പഞ്ചാബില്‍ നിന്നുള്ള 67 പേര്‍, ഹരിയാനയില്‍ നിന്നുള്ള 33 പേര്‍, ഗുജറാത്തില്‍ നിന്നുള്ള എട്ടുപേര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്നുപേര്‍, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ വീതം, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഒരോരുത്തരുമാണ് ഇന്ന് എത്തുന്ന വിമാനത്തില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാടുകടത്തപ്പെട്ടവരുമായുള്ള അമേരിക്കയുടെ മൂന്നാം വിമാനം ഞായറാഴ്ച എത്തിയേക്കുമെന്നാണ് സൂചന. അനധികൃതമായി കുടിയേറിയവരെ മുഴുവന്‍ നാട്ടിലെത്തിക്കുന്നത് വരെ ആഴ്ചയില്‍ രണ്ടുതവണ യു.എസ്. സൈനിക വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുന്നത് തുടരുമെന്നാണ് വിവരം. ഫെബ്രുവരി അഞ്ചിനാണ് യു.എസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയത്. 104 യാത്രക്കാരായിരുന്നു ആ വിമാനത്തില്‍ ഉണ്ടായിരുന്നത്.
അമേരിക്കയില്‍ നിന്ന് ആദ്യമെത്തിയ സൈനികവിമാനത്തില്‍ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് കുടിയേറ്റക്കാര്‍ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങുവെച്ചെന്നും സീറ്റില്‍ നിന്ന് നീങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
മോദി-ട്രംപ് കൂടിക്കാഴ്ച; നാടുകടത്തുന്ന
രണ്ടാംഘട്ട ഇന്ത്യക്കാര്‍ക്ക് വിലങ്ങുണ്ടാകുമോ?