അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം (എഡിറ്റോറിയല്‍)

അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം (എഡിറ്റോറിയല്‍)

അഴിമതി തീരാ ശാപമായി നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അഴിക്കുള്ളിലാക്കാന്‍ വിജിലന്‍സ് വകുപ്പ്. അഴിമതിക്കാരെയും, കൈക്കൂലിക്കാരെയും പിടികൂടാന്‍ ശക്തമായ നടപടികള്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിച്ചു തുടങ്ങി.

അഴിമതിക്കാരും, കൈക്കൂലിക്കാരുമായ 262 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇത്തരക്കാരെ സദാ നിരീക്ഷിക്കുവാനും, പിടികൂടുവാനും വിജിലന്‍സ് ഡയരക്ടര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയോടൊപ്പം, നാടിനെ നശിപ്പിക്കുന്ന അഴിമതിയെന്ന വിപത്തിനെതിരെ സമൂഹം ഒന്നാകെ പോരാടണം.

നമ്മുടെ നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയും പോലെയാകുന്നതും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ക്വാളിറ്റി ഇല്ലാതാവുന്നതുമെല്ലാം അഴിമതിയുടെ ഭാഗമാണ്.

ഉദ്യോഗസ്ഥ തലത്തിലെ അഴിമതിപോലെ തന്നെ രാഷ്ട്രീയ രംഗത്തെ അഴിമതിയും നാടിന് പ്രതികൂലമാണ്. കേരളത്തിലെ സാമൂഹിക മണ്ഡലത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സക്രിയമാണെങ്കിലും, അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടെന്നത് ഒരു വസ്തുതയാണ്. പൊതു പ്രവര്‍ത്തന രംഗത്ത് മൂല്യാധിഷ്ഠിത പ്രവര്‍ത്തനം നടത്തുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. എന്നാലും ഏത് മേഖലയിലും അപവാദമായി ചിലരുണ്ടാകുമെന്ന് പറയുന്നത് പോലെ ഇത്തരം വ്യക്തികളെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളാണ് സമഗ്രമായ പരിശോധനകള്‍ നടത്തേണ്ടത്.

സിവില്‍ സര്‍വീസ് അഴിമതിമുക്തമാക്കുമെന്ന് സര്‍വീസ് സംഘടനകള്‍ നടത്തുന്ന പ്രഖ്യാപനങ്ങളും, പ്രവര്‍ത്തനങ്ങളും പ്രതീക്ഷാ നിര്‍ഭരമാണ്. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്കായി നിക്ഷേപിക്കുന്ന പണം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തിച്ചേരണമെങ്കില്‍ അഴിമതിയെ പിടിച്ചുകെട്ടിയേ മതിയാകൂ.

കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മികച്ച ശമ്പളവും, ആനുകൂല്യവും ലഭിക്കുന്നവരാണ്. അതുകൊണ്ട്തന്നെ അവരിലെ മഹാഭൂരിപക്ഷവും ഉത്തരവാദിത്തമറിഞ്ഞ് നന്നായി സേവനമനുഷ്ഠിക്കുന്നവരാണ്. അഴിമതി പണമെന്നത് നാടിനെ വിറ്റുകിട്ടുന്ന പണമാണെന്ന തിരിച്ചറിവ് അഴിമതിക്കാര്‍ക്കുണ്ടാവട്ടെ. മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന ഒരു സമൂഹത്തിന് മാത്രമേ മുന്നേറാനും ഭാവി തലമുറയ്്ക്കായി മികച്ചൊരു നാടിനെ സൃഷ്ടിക്കാനും സാധിക്കുകയുള്ളൂ.

 

 

അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *