കോട്ടയം ഗാന്ധി നഗര്‍ ഗവ.നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ് മനുഷ്യ മന:സാക്ഷിയെ വെല്ലുവിളിക്കുന്നതാണ്. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി കൈയും, കാലും കട്ടിലില്‍ കെട്ടിയിട്ട് ഒന്ന്….രണ്ട്….മൂന്ന് എന്നെണ്ണി കഴുത്തു മുതല്‍ പാദം വരെ ഡിവൈഡറും, കോമ്പസും ഉപയോഗിച്ച് വരഞ്ഞ് നടത്തിയ അതി നിഷ്ഠൂരമായ റാഗിങ് പരിഷ്‌കൃത സമൂഹത്തിന് അങ്ങേയറ്റം അപമാനമാണ്. കലാലയങ്ങളില്‍ നടക്കുന്ന റാഗിങ്ങിന്റെ ക്രൂര കഥകള്‍ നിരന്തരം വാര്‍ത്തകളായി വരുമ്പോള്‍ ഇതിനെതിരെ അതി കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കാമ്പസുകള്‍ക്കകത്തുവെച്ചും, ഹോസ്റ്റല്‍ മുറികളില്‍ വെച്ചും ക്രൂരമായി റാഗിങ് ചെയ്യുന്നത് തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തങ്ങളെ സമൂഹം അഭിമുഖീകരിക്കേണ്ടി വരും. സ്വന്തം സഹപാഠികളെ മനുഷ്യത്വ രഹിതമായി പീഡിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ ദുഷ് ചെയ്തികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതും, ഇത്തരം കുട്ടികളുടെ ഭാവി തകരുന്നത് തുടര്‍ക്കഥയാവുന്നതും തടയിട്ടേ മതിയാവൂ.
റാഗിങ് പീഡനത്തിനറുതി വരുത്തണം(എഡിറ്റോറിയല്‍)