പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നല്കി ഫ്രാന്‍സ്. എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാരീസിലെത്തിയ പ്രധാനമന്ത്രി നരോന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിലായിരുന്നു അത്താഴവിരുന്ന്. അത്താഴ വിരുന്നിന്റെ ദൃശ്യങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അത്താഴവിരുന്നിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജെ.ഡി. വാന്‍സ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തി.
പാരീസിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അവിടെനിന്നുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ചിരുന്നു. എന്റെ സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെ ഫ്രാന്‍സിലെ ഇന്ത്യന്‍സമൂഹം നല്കിയ സ്വീകരണത്തിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ഫ്രാന്‍സില്‍ നടക്കുന്ന എ.ഐ. ഉച്ചകോടിക്ക് തിങ്കളാഴ്ചതുടക്കമായി നൂറുരാജ്യങ്ങളില്‍നിന്നുള്ള ഭരണാധികാരികളും സര്‍ക്കാര്‍ പ്രതിനിധികളും കമ്പനി സി.ഇ.ഒ.മാരും ശാസ്ത്രജ്ഞരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സാങ്കേതികവിദ്യയിലെ ആധിപത്യത്തെക്കുറിച്ചുള്ള നയതന്ത്രചര്‍ച്ചകളുണ്ടാകും.
ഫ്രാന്‍സും ഇന്ത്യയും ചേര്‍ന്നാണ് ഉച്ചകോടി നടത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ സഹാധ്യക്ഷനാണ്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ചൈനീസ് ഉപപ്രധാനമന്ത്രി ജാങ് ജുവോചിങ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നു. വൈസ് പ്രസിഡന്റ് ആയശേഷം വാന്‍സിന്റെ ആദ്യ വിദേശയാത്രയാണിത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എ.ഐ. തുടങ്ങിയ കമ്പനികളും ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്.
നരേന്ദ്രമോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം