കോഴിക്കോട്: സിഎസ്ഐ സഭ, കോഴിക്കോടിനും മലബാറിനും നല്കിയ സേവനം മഹത്തരമാണെന്ന് എം.കെ.രാഘവന് എം.പി.പറഞ്ഞു. ഏത് ദേശക്കാരെയും ഭാഷക്കാരെയും രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് കോഴിക്കോടിന്റേത്. വിദേശിക്ക് ഇവിടെ കുടുംബ ജീവിതം നയിക്കാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യാമെന്ന് വിളംബരം ചെയ്ത നാടാണ് നമ്മുടേത്. തമിഴ് ആരാധനയ്ക്കായി ഒരു ദേവാലയം നഗരത്തില്‍ സ്ഥാപിച്ചത് സഭയുടെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎസ്ഐ മലബാര്‍ മഹാ ഇടവകയുടെ കീഴില്‍ ചാലപ്പുറത്ത് പണിത സിഎസ്ഐ ക്രൈസ്റ്റ് തമിഴ് ദേവാലയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്ത് 9 മണിക്ക് നടന്ന സമര്‍പ്പണ ശുശ്രൂഷയ്ക്ക് സിഎസ്ഐ മലബാര്‍ മഹാഇടവക ബിഷപ്പ് റൈറ്റ് റവ.ഡോ.റോയ്സ് മനോജ് വിക്ടര്‍ നേതൃത്വം നല്കി. കന്യാകുമാരി ബിഷപ്പ് റൈറ്റ്.റവ.ഡോ.എ.ആര്.ചെല്ലയ്യ അനുഗ്രഹ പ്രഭാഷണം നടത്തി. മലബാര്‍ മഹാഇടവക ക്ലര്‍ജി സെക്രട്ടറി റവ.ജേക്കപ്പ് ഡാനിയേല്‍, റവ.ഡോ.ടി.ഐ ജെയിംസ്, റവ.ശോഭന്‍ കുമാര്‍ ഡാനിയേല്‍, റവ.ബിജു ജോണ്‍,റവ.സുനില്‍ ജോസ്, റവ.ഗോള്‍ഡന്‍ ഇമ്പരാജ്, റവ.ബ്രൈറ്റ് ജയകുമാര്‍. റവ.രാജു ചീരന്‍ എന്നിവര്‍ ആരാധനയ്ക്ക് സഹ കാര്‍മ്മികരായിരുന്നു.
പൊതു സമ്മേളനത്തില്‍ റൈറ്റ് റവ. ഡോ.റോയ്സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ.ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. മലബാര്‍ മഹാ ഇടവക ലെ സെക്രട്ടറി കെന്നത്ത് ലാസര്‍, തിരുനെല്‍വേലി മഹാഇടവക ലേ സെക്രട്ടറി ഡി.ജയസിങ്, മാര്‍ത്തോമ പള്ളി വികാരി സുനില്‍ ജോസ് ഷെവ.സി.ഇ.ചാക്കുണ്ണി പ്രസംഗിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് പീപ്പിള്‍സ് റിവ്യൂ സപ്ലിമെന്റ് ബിഷപ്പ് റൈറ്റ്.റവ.ഡോ.റോയ്സ് മനോജ് വിക്ടര്‍,കന്യാകുമാരി ബിഷപ്പ് റൈറ്റ്.റവ.ഡോ.എ.ആര്.ചെല്ലയ്യക്കു നല്കി പ്രകാശനം ചെയ്തു. ഗോള്‍ഡന്‍ റോസ്ലിന് സ്വാഗതവും, ബില്‍ഡിംഗ് നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ പി.എം.സോളമന് നന്ദിയും പറഞ്ഞു.