തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായി മറന്ന് സംസ്ഥാനത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കേരളത്തോടുളള നിരന്തരമായ അവഗണനയ്ക്കെതിരെ സംസ്ഥാനത്തുടനീളം കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കുമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. ബ്രൂവറിക്കെതിരെയുള്ള എതിര്്പപുകള് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും സ്ഥാപിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് ആവശ്യമായ സ്പിരിറ്റ് ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന് കഴിയണം. കുറേ ആളുകള്‍ക്കു ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
90,000 കോടി രൂപയുടെ പദ്ധതിയുമായാണ് കിഫ്ബി മുന്നോട്ടുപോകുന്നത്. എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമെന്ന നിലയില്‍ അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ടോള്‍ പിരിവ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. പുനരധിവാസവുമായി ബന്ധപ്പെട്ട് വലിയ ബാധ്യത വരുന്ന പദ്ധതിയെ അവഗണിച്ചത് കേരളത്തോടുള്ള മനുഷ്യത്വരഹിതമായ യുദ്ധപ്രഖ്യാപനമാണ്. എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ വേണമെന്ന കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യവും പരിഗണിച്ചില്ല. റെയില്‍വേ വികസനത്തിനും ഫണ്ട് നല്‍കിയിട്ടില്ല. കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതും കടമെടുപ്പു പരിധി വര്‍ധിപ്പിക്കാന്‍ തയാറാകാത്തതും കേരളത്തോടുള്ള ദ്രോഹമാണ്. ബിഹാറിനു വേണ്ടിയാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ അര്‍ഹമായ തുക കേരളത്തിനു ലഭിച്ചിട്ടില്ല. ഇതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നടത്തിയ പ്രതികരണം കാടത്തമാണെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രബജറ്റില്‍ ഒരു പൈസ പോലും വകയിരുത്തിയില്ല.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ 19 മുതല്‍ 23 വരെ ഏരിയാ അടിസ്ഥാനത്തില്‍ ജാഥകള്‍ നടത്തും. 25ന് ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കും. കേരളത്തെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന രീതിയില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിച്ച് കേരളവികാരം ഉണര്‍ത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് എം.വി.ഗോവിന്ദന് വ്യക്തമാക്കി
ഡല്‍ഹിയില്‍ ബിജെപി ജയിക്കാന്‍ കാരണം എഎപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതുകൊണ്ടാണെന്നും എം.വി.ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ബജറ്റില്‍ അവഗണന; 25ന് സംസ്ഥാനത്തുടനീളം
കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കും; എം.വി.ഗോവിന്ദന്