കല്പറ്റ: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം. അംഗീകാരം ലഭിച്ച ആദ്യപട്ടികയില്‍ 242 പേരാണ് ഉള്ളത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍, വാടകയ്ക്ക് താമസിച്ചിരുന്നവര്‍, പാടികളില്‍ താമസിച്ചിരുന്നവര്‍ എന്നിവരാണ് ഈ പട്ടികയിലുള്ളത്. എവിടെയും വീട് ഇല്ലാത്തവരാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ദുരന്ത മേഖലയില്‍ ഉള്‍പ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാവും രണ്ടാംഘട്ട പട്ടിക. നാശം സംഭവിച്ച വീടുകളുടെ ഉടമസ്ഥര്‍ക്ക് മറ്റെവിടെയെങ്കിലും താമസയോഗ്യമായ വീടില്ലെങ്കില്‍ മാത്രമേ പുനരധിവാസത്തിന് അര്‍ഹതയുണ്ടാവൂ. മറ്റെവിടെയെങ്കിലും വീട് ഉണ്ടെങ്കില്‍, വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം നഷ്ടപരിഹാരം അനുവദിക്കും. അന്തിമ പട്ടികയെപ്പറ്റി പരാതിയുണ്ടെങ്കില്‍ ദുരന്ത നിവാരണ വകുപ്പിനു നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പുനരധിവസിപ്പിക്കുന്നവരുടെ ഒന്നാം ഘട്ട പട്ടിക വയനാട് കലക്ടറേറ്റ്, മാനന്തവാടി സബ് കലക്ടര്‍ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും ലഭ്യമാണ്.
ഉരുള്‍പൊട്ടല്‍; അംഗീകാരം ലഭിച്ച ഒന്നാംഘട്ട
പുനരധിവാസ പട്ടികയില്‍ ഇടംപിടിച്ചത് 242 പേര്