കോഴിക്കോട്: സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ നിലവിലുള്ള കാറ്റഗറിയില്‍ യഥാ സമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ ഒന്നാംഘട്ടമായ വടക്കന്‍ മേഖല പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി ഹംസ ഏരിക്കുന്നേന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ 22ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും തലശ്ശേരി, വടകര യൂണിറ്റുകളിലെയും മുഴുവന്‍ ബസ്സുടമകളും പങ്കെടുക്കും. പ്രതിഷേധ സംഗമത്തിനു ശേഷം നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും അനിശ്ചിതകാല ബസ് സമരത്തിലും മേഖലയിലെ മുഴുവന്‍ ബസ്സുടമകളെയും പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.
കെ.ടി.വാസുദേവന്‍ ചെയര്‍മാനായും, എ.പി.ഹരിദാന് കണ്‍വീനറായും, ടി.കെ.ബീരാന്‍കോയ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനായും, എന്‍.വി.അബ്ദുല്‍ സത്താര്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായും, ഹംസ ഏരിക്കുന്നേന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായും, ഇ.റിനീഷ് ഫുഡ്, അക്കൊമഡേഷന് ചെയര്‍മാനായും 150 അംഗ സ്വാഗത സംഘം രൂപീകരിച്ചു.