കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെ ബുധനാഴ്ച്ച പുലര്‍ച്ചെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ എം.എസ് സൊലൂഷ്യന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017-ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023-ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ച്ചക്കാരുടെ എണ്ണം വീണ്ടും കൂടി.
യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയില്‍ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികള്‍ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബില്‍നിന്ന് കിട്ടിയ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരം തയ്യാറാക്കി കൊണ്ടുവരുകയായിരുന്നു. പരാതിയില്‍ കൊടുവള്ളി എ.ഇ.ഒ. അന്വേഷണം നടത്തുകയും താമരശ്ശേരി ഡി.ഇ.ഒ. മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.