ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്ന ട്രംപിന്റെ തീരുവ യുദ്ധം

ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്ന ട്രംപിന്റെ തീരുവ യുദ്ധം

വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനമേറ്റതിനു ശേഷം അമേരിക്കയില്‍ ട്രംപ്‌കൊണ്ടുവന്ന നിയമങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ചത്.ഫെബ്രുവരി ഒന്നിന് അദ്ദേഹം മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പത്തു ശതമാനവും ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചു. 2-ാം തിയതി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തുമെന്നും പ്രഖ്യാപിച്ചു.രാജ്യത്തിന്റെ പ്രതിസന്ധിക്ക് അയവുണ്ടാകുന്നതുവരെ ഈ അധിക നികുതികള്‍ തുടരുമെന്നും അറിയിച്ചു.

പ്രഥമം അമേരിക്ക (അമേരിക്കാ ഫസ്റ്റ്) എന്ന ട്രംപിന്റെ നിലപാട് അമേരിക്കയിലേക്ക് വ്യാവസായിക ഉല്‍പ്പാദനവും തൊഴിലുകളും മടക്കിക്കൊണ്ടു വരാനുള്ള പദ്ധതിയുടെ ഭാഗമാണ്.മെക്സിക്കോയും കാനഡയും അവരുടെ അതിര്‍ത്തികളിലൂടെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നതിനെ തടയാനും മയക്കുമരുന്നു കള്ളക്കടത്ത് ചെറുക്കാനും നടപടികള്‍ എടുക്കുന്നില്ലെന്ന് ട്രംപ് ആരോപിക്കുന്നു. ഫെന്റാനില്‍ എന്ന മാരകമായ മയക്കുമരുന്ന് ഉല്പാദിപ്പിക്കാന്‍ വേണ്ടുന്ന സാധനങ്ങളുടെ കയറ്റുമതി തടയാന്‍ ചൈന ഒന്നും ചെയ്യുന്നില്ല എന്നതാണ് ചൈനയ്ക്കെതിരായ ആരോപണം. ട്രംപിന്റെ തീരുമാനം ലോകത്തെ വ്യാപാരശൃംഖലകളെ താറുമാറാക്കാനും ലോകമെങ്ങും പണപ്പെരുപ്പമുണ്ടാക്കാനും ഒരുപക്ഷേ, സാമ്പത്തികമാന്ദ്യത്തിനും വഴിവെക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നു ചൈന അറിയിച്ചു. ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കു യുഎസ് 10 ശതമാനം തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു ബെയ്ജിങ്ങും കടുപ്പിച്ചത്.കൂടാതെ യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘന പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചു. യുഎസില്‍നിന്നുള്ള കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനവും ക്രൂഡ് ഓയില്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയ്ക്കു 10 ശതമാനവുമാണു തീരുവ ചുമത്തുക. ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, മെക്‌സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോ എന്നിവരുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുന്നത് താല്‍ക്കാലത്തേക്കു മരവിപ്പിച്ചിരുന്നു.

ലോകത്തെ 2 പ്രബല രാജ്യങ്ങള്‍ തമ്മിലുള്ള തീരുവയുദ്ധം ആഗോളതലത്തില്‍ പ്രത്യാഘാതമുണ്ടാക്കും എന്നാണു വിലയിരുത്തല്‍.ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനു പിന്നാലെ ആഗോളതലത്തില്‍ കറന്‍സി, ഓഹരി വിപണികള്‍ തകര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം പോലും ഒരു ശതമാനത്തോളം വിലയിടിഞ്ഞശേഷമാണു തിരിച്ചുകയറിയത്. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഉള്‍പ്പെടെ മിക്ക കറന്‍സികള്‍ക്കും ഇടിവുണ്ടായി. ഇന്നലെ രൂപയുടെ മൂല്യം ഡോളറിന് 87.29 രൂപയെന്ന നിലയില്‍ എത്തിയിരുന്നു. നിരക്ക് 87 ഭേദിക്കുന്നത് ആദ്യമാണ്.

 

ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്ന ട്രംപിന്റെ തീരുവ യുദ്ധം

 

Share

Leave a Reply

Your email address will not be published. Required fields are marked *