കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ 95 ലക്ഷം കാര്‍ഡുടമകള്‍ ആശ്രയിക്കുന്ന റേഷന്‍ വിതരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 14,200 ഓളം റേഷന്‍ വ്യാപാരികളും, അവരുടെ റേഷന്‍ കടകളിലെ സെയില്‍സ്മാന്‍മാരും, സര്‍ക്കാര്‍ തങ്ങള്‍ക്ക് തരുന്ന വേതനം പരിമിതമാണെന്നും, അതുകൊണ്ട് ജീവിക്കാനാവുന്നില്ലെന്നും പ്രഖ്യാപിച്ച് തിങ്കളാഴ്ച (27) മുതല്‍ സമരം ആരംഭിക്കുകയാണ്. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയപ്പെട്ടിരിക്കുകയാണ്. റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച വേതന പാക്കേജ് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും, വിഷയം പഠിക്കാന്‍ മൂന്നംഗ സമിതിയെ നിശ്ചയിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്ന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിലിന്റെ നിര്‍ദ്ദേശം റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തള്ളിക്കളയുകയും 27 മുതല്‍ സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം ഒന്നാം തിയതി മുതല്‍ റേഷന്‍ കരാറുകാരും സമരത്തിലാണ്. അവര്‍ക്ക് ലഭിക്കാനുള്ള 100 കോടിയോളം വരുന്ന കുടിശ്ശിഖ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് അവരും സമര രംഗത്തിറങ്ങിയത്. അതില്‍ അമ്പത് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അനുവദിച്ച തുക തങ്ങള്‍ക്ക് പൂര്‍ണ്ണമായി ലഭിച്ചിട്ടുണ്ടെന്ന ആക്ഷേപം കരാറുകാരും പറയുന്നുണ്ട്. റേഷനെ ആശ്രയിച്ച് കഴിയുന്ന മഹാഭൂരിപക്ഷം ജനങ്ങളുണ്ടെന്ന വസ്തുത മറന്നാണ് സര്‍ക്കാരും, സംഘടനകളും മുന്നോട്ട് പോകുന്നതെന്ന സത്യം ആരും വിസ്മരിക്കരുത്. പൊതു സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. ഗ്രാമീണ മേഖലകളില്‍ ചെറുകിട ജോലിയെടുക്കുന്നവര്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണ്. 1000 രൂപ കൂലി കിട്ടിയാല്‍ പോലും ഒരു കുടുംബത്തിന് ജീവിക്കാനാവാത്ത തരത്തില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. കുടുംബ ജീവിതം രണ്ടറ്റം മുട്ടിക്കാന്‍ പെടാപാട് പെടുന്ന ഇക്കാലത്ത് റേഷന്‍ കൂടി മുട്ടിയാല്‍ സാധാരണക്കാരന് പിടിച്ച് നില്‍ക്കാനാവില്ല. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിന് റേഷന്‍ വ്യാപാരികളോ, സാധാരണ ജനവിഭാഗങ്ങളോ അല്ല കുറ്റക്കാര്‍. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അനാസ്ഥയാണ് സംസ്ഥാനം ഇത്രയും വലിയ കടക്കെണിയിലായത്. സംസ്ഥാനത്തെ എങ്ങിനെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനാവുമെന്നതിന് വലിയ ചര്‍ച്ചകളും ശ്രമങ്ങളും ഉണ്ടായേ പറ്റൂ.
റേഷന്‍ മേഖലയിലെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കണം. വിട്ടുവീഴ്ച ചെയ്യേണ്ടിടത്ത് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ എല്ലാവരും തയ്യാറാവണം. ജനങ്ങളുടെ ജീവിതമാണ് വലുത്. അതിനപ്പുറമൊരു താല്‍പ്പര്യവും ആരെയും നയിക്കരുത്. റേഷന്‍ വ്യാപാരികളുടെ പ്രയാസത്തിനും പരിഹാരം ഉണ്ടാക്കണം.