വാഷിങ്ടന്‍: യെമനിലെ ഹൂതി വിമതരെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎസിലെ പുതിയ ട്രംപ് ഭരണകൂടം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉള്‍പ്പെട്ടത്. ഇതിനെ സംബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ സ്ഥിതിഗതികള്‍ മനസ്സിലാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ന്ന് 15 ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആദ്യ സര്‍ക്കാരിന്റെ അവസാനമായപ്പോഴും ഹൂതികളെ വിദേശ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അധികാരത്തിലെത്തി ആദ്യ ആഴ്ചകളില്‍ത്തന്നെ, യെമനിലെ മാനുഷിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ബൈഡന് ഭരണകൂടം ഇതു റദ്ദാക്കുകയും ചെയ്തു. പിന്നീട് ചെങ്കടലിലെ കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) എന്ന പട്ടികയില്‍ ബൈഡന് ഭരണകൂടം ഹൂതികളെ ഉള്‍പ്പെടുത്തിയിരുന്നു.
യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ നല്കി. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ ഉല്പന്നങ്ങള്ക്ക് കനത്ത നികുതിയും ഉപരോധവും ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. അധികാരത്തിലെത്തിയാല്‍ ഒറ്റദിവസംകൊണ്ട് റഷ്യ – യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുമെന്നു പറഞ്ഞിരുന്ന ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പരിഹാസ്യമായ യുദ്ധം ഉടനടി നിര്‍ത്തണം. കരാറില്‍ ഏര്‍പ്പെടണം. അല്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ ഉപരോധവും ഉല്‍പ്പന്നങ്ങള്‍ക്കു കനത്ത നികുതിയും തീരുവയും ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി. യുഎസുമായി സഹകരിക്കുന്ന രാജ്യങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന റഷ്യയ്ക്ക് ഒരു സഹായമാണു ചെയ്യുന്നതെന്നും ട്രംപ് പറയുന്നു.
അതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായാണ് ട്രംപ് ഒരു വിദേശ ഭരണാധികാരിയുമായി സംസാരിക്കുന്നത്. ട്രംപ് ചുമതലയേറ്റതിനു പിന്നാലെ യുഎസില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായ 460 പേരെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം അടക്കം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരാണു പിടിയിലായത്. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് 1500 സൈനികരെ അയച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.