കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 23 മുതല്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 23 മുതല്‍

6 ബുക്കര്‍ പ്രൈസ് ജേതാക്കള്‍, 15 രാജ്യങ്ങളില്‍നിന്നും അതിഥികള്‍

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് 23 മുതല്‍ 26വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. സാഹിത്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെ.എല്‍. എഫില്‍ 15 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കും. 6,00,000 പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്. ആശയം, സംസ്‌ക്കാരം,കല എന്നിവയുടെ സംഗമവേദിയായി മാറുന്ന ഈ വേദിയില്‍ സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ഭാഗമാകും.
ജെന്നി ഏര്‍പെന്‍ബെക്ക്, പോള്‍ ലിഞ്ച്, മൈക്കല്‍ ഹോഫ്മാന്‍, ഗൌസ്, സോഫി മക്കിന്റോഷ്, ജോര്‍ജി ഗൊസ്‌പോഡിനോവ് എന്നീ ബുക്കര്‍ സമ്മാനജേതാക്കളുടെ സാഹിത്യവൈഭവം ഫെസ്റ്റിവലിനെ സമ്പുഷ്ടമാക്കും. ഇതാദ്യമായാണ് ആറ് ബുക്കര്‍ സമ്മാനജേതാക്കള്‍ ഒന്നിച്ച് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. നൊബേല്‍ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തര്‍ ഡുഫ്‌ലോ എന്നിവരും കെ.എല്‍.എഫിനെ ബൗദ്ധികസംവാദങ്ങളുടെ വേദിയായി ഉയര്‍ത്തും.
കലാ സാംസ്‌കാരികമായ പൈതൃകം വിളിച്ചറിയിച്ചുകൊണ്ടാണ് ഇത്തവണത്തെ അതിഥിരാജ്യമായ ഫ്രാന്‍സ് എത്തുന്നത്. ഫിലിപ്പ് ക്ലോഡല്‍, പിയറി സിങ്കാരവെലു, ജോഹന്ന ഗുസ്താവ്‌സണ്‍, സെയ്ന അബിറാച്ചെഡ് തുടങ്ങിയവരാണ് ഫ്രാന്‍സിന്റെ വൈവിധ്യങ്ങളായ കലാപാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നത്. ജൂലി സ്റ്റീഫന്‍ ചെങ്, തിമോത്തി ഡി ഫോംബെല്ലെ, ഫ്രെഡ് നോവ്‌ചെ എന്നിവരുടെ സംഭാവനകള്‍ സാഹിത്യം, ചരിത്രം, കല എന്നീ മേഖലകളിലെ ചര്‍ച്ചകളെ ഉന്നതിയിലെത്തിക്കും. കെ.എല്‍. എഫിലേക്കുള്ള ഫ്രഞ്ച് പ്രതിനിധികളുടെ വരവ് സഹകരണത്തിനും സാംസ്‌കാരികവിനിമയത്തിനുമുള്ള കാരണമാകും.
ഇന്ത്യയിലെ പ്രശസ്തരായ സാഹിത്യകാരന്മാരും കലാകാരന്മാരും വേദി അലങ്കരിക്കും. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നടന്‍
നസറുദ്ദീന്‍ ഷാ, നടി ഹുമ ഖുറേഷി, വയലിന്‍ മാന്ത്രികന്‍ എല്‍. സുബ്രഹ്‌മണ്യം, പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ വൈദഗ്ധ്യം പങ്കുവെക്കും. ഇറാ മുഖോട്ടി, മനു എസ്. പിള്ള, അമിത് ചൗധരി, എബ്രഹാം വര്‍ഗീസ് തുടങ്ങിയ പ്രശസ്തരായ എഴുത്തുകാര്‍ ചരിത്രാഖ്യാനങ്ങള്‍ മുതല്‍ ആധുനീക സാഹിത്യംവരെ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. നോര്‍വീജിയന്‍ നോവലിസ്റ്റ് ഹെല്‍ഗ ഫ്‌ലാറ്റ്ലാന്‍ഡ്, ന്യൂസിലാന്‍ഡില്‍ നിന്നുള്ള കാതറിന്‍ ചിഡ്ജി തുടങ്ങിയ അന്തര്‍ദേശീയ ശബ്ദങ്ങളുടെ പങ്കാളിത്തം ഫെസ്റ്റിവലിന്റെ ആഗോളആകര്‍ഷണം വര്‍ദ്ധിപ്പിക്കും.
ഫെസ്റ്റിവലിന് മാറ്റുകൂട്ടുന്ന കലാസാംസ്‌കാരികപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉസ്താദ് വസീം അഹമ്മദ് ഖാന്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് മുഖ്ത്യാര്‍ അലി എന്നിവരുടെ സാന്നിദ്ധ്യം സാഹിത്യവും സംഗീതവും സമന്വയിക്കുന്ന സര്‍ഗ്ഗാത്മകതയുടെ ആഘോഷമാകും.
വൈവിധ്യങ്ങളുടെയും സംവാദങ്ങളുടെ യഥാര്‍ത്ഥ ആഘോഷമാണ് കെ. എല്‍. എഫെന്ന് ഫെസ്റ്റിവലിന്റെ ചീഫ് ഫെസിലിറ്റേറ്ററായ രവി ഡി സി പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി ലോകമെമ്പാടുമുള്ള പ്രശസ്തരെ വേദിയിലേക്കെത്തിക്കുന്നതിലൂടെ അതിര്‍ത്തിക്കപ്പുറമുള്ള ചിന്തകളെയും സംവാദങ്ങളെയും വളര്‍ത്താനും മനസിലാക്കാനും കഥപറച്ചിലെന്ന സാര്‍വത്രികശക്തിയെ ആഘോഷിക്കാനുമാകും. ഇത്തവണത്തെ ഫെസ്റ്റിവല്‍ ഏവരെയും ആകര്‍ഷിക്കുന്നതാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളിലെ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനായി കഥപറച്ചില്‍, ശില്‍പ്പശാലകള്‍, ഇന്റര്‍ ആക്ടീവ് സെഷനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
കെ.എല്‍. എഫ് ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഈ വര്‍ഷത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തുടക്കം കുറിക്കും. ഷോര്‍ട്ട്ലിസ്റ്റില്‍ മനോജ് കുറൂരിന്റെ ദി ഡേ ദി എര്‍ത്ത് ബ്ലൂംഡ്, കിന്‍ഫാം സിങ് നോങ്കിന്റിയുടെ ദി ഡിസ്‌ടേസ്റ്റ് ഓഫ് ദ എര്‍ത്ത്, ഉപമന്യു ചാറ്റര്‍ജിയുടെ ലോറന്‍സോ സെര്‍ച്ച്സ് ഫോര്‍ ദി മീനിങ് ഓഫ് ലൈഫ് തുടങ്ങിയവ ഫിക്ഷന്‍ വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ട്. കെ. കെ. കൊച്ചിന്റെ ദലിതന്‍- ആന്‍ ഓട്ടോബയോഗ്രഫി, രാഹുല്‍ ഭാട്ടിയയുടെ ദി ഐഡന്റിറ്റി പ്രോജക്ട് തുടങ്ങിയവയാണ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലുള്‍പ്പെട്ടിട്ടുള്ളത്. ജീത്ത് തയ്യില്‍, മീന കന്തസാമി, ജെറി പിന്റോ, മൃദുല കോശി, സതീഷ് പത്മനാഭന്‍, അക്ഷയ മുകുള്‍ തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍. വിജയികളെ ജനുവരി 25ന് നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ പ്രഖ്യാപിക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനിക്കും.

25-ന് പ്രദം ബുക്‌സ് പ്രസിദ്ധീകരിച്ച് ജെ. ദേവിക തര്‍ജ്ജമ ചെയ്ത പുസ്തകമായ ബുനിയാദി ബാത്തിന്റെ മലയാളം പതിപ്പ് നൊബേല്‍സമ്മാന ജേതാവായ എസ്തര്‍ ഡുഫ്‌ലോ ചിത്രകാരിയായ ചീയെന്‍ ഒലിവിയറിനൊപ്പം പുറത്തിറക്കും. എസ്തര്‍ ഡുഫ്‌ലോ പങ്കെടുക്കുന്ന സെഷനും ബാല സാഹിത്യത്തില്‍ ആഗോളപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും ഉള്‍ക്കാഴ്ചകള്‍ നല്‍കി കുട്ടികളുടെ മനസിനെ പാകപ്പെടുത്തേണ്ടതിനെകുറിച്ചും ചര്‍ച്ച ചെയ്യും. ധന്യ രാജേന്ദ്രന്‍ മോഡറേറ്ററാകും.

 

 

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 23 മുതല്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *