ഗാസയിലെങ്ങും സന്തോഷ പൂ മഴ പെയ്യുകയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ഗാസയുടെ ആകാശങ്ങളില്‍ പാറി പറക്കുമ്പോള്‍ ലോകം മിഴിവോടെ നോക്കുന്ന വദനമാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറ്മാന്‍ അല്‍ത്താനിയുടേത്. ഒന്നര വര്‍ഷക്കാലം നീണ്ടു നിന്ന ഇസ്രയേല്‍-ഹമാസ് യുദ്ധമവസാനിപ്പിക്കാന്‍ അഹോരാത്രം പ്രയത്നിച്ച സമാധാന ദൂതനായ ഖത്തറിന്റെ ഈ പ്രധാനമന്ത്രിയെ ലോകം ഒരിക്കലും മറക്കില്ല. ആദരണീയനായ പ്രധാനമന്ത്രി അങ്ങേക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. അങ്ങയുടെ നാമം സമാധാന കാംക്ഷികള്‍ എന്നും നെഞ്ചോട് ചേര്‍ക്കും. ഇസ്രയേല്‍-ഹമാസ് യുദ്ധം കഴിഞ്ഞ 15 മാസമായി തുടരുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയോടൊപ്പം മധ്യസ്ഥത വഹിക്കാന്‍ തുടക്കം മുതല്‍ നിന്ന രാജ്യമാണ് ഖത്തര്‍. ഖത്തറിനൊപ്പം ഈജിപ്തും സമാധാന ദൗത്യത്തില്‍ പങ്കാളിയായി. 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതാണ് യുദ്ധത്തിന് കാരണമായത്. യുദ്ധത്തിന്റെ ഭാഗമായി ഗാസയില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് പാലായനം ചെയ്തത്. അഭയാര്‍ത്ഥികളായി മാറിയ ഇവര്‍ വീണ്ടും പിറന്ന മണ്ണിലേക്ക് ഓടിയെത്തുകയാണ്. 47,000 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. മുറിവേറ്റവരുടെ എണ്ണം എത്രയോ അധികമാണ്. യുദ്ധം ഗാസയെ തകര്‍ത്തിരിക്കുകയാണ്. ഹമാസിന്റെ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലില്‍ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് ബന്ദികളാക്കി വെച്ചവരെ വിട്ടയക്കാന്‍ മധ്യസ്ഥത വഹിച്ച ഖത്തര്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഇസ്രയേലിലും, ഗാസയിലും കുടുങ്ങിയ അമേരിക്കന്‍, ഓസ്ട്രേലിയന്‍ ബന്ദികളെ മോചിപ്പിക്കുന്നതിലും അല്‍ത്താനി വലിയ പങ്ക് വഹിച്ചു.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രധാനമന്ത്രിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ത്താനി മധ്യസ്ഥതയുടെ പ്രധാന റോള്‍ ഏറ്റെടുത്തത്. 2016ലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിയായും, 2023 മാര്‍ച്ച് 7ന് ഖത്തര്‍ പ്രധാനമന്ത്രിയായും, അബ്ദുല്‍ റഹ്മാന് അല്‍ത്താനി ചുതലയേറ്റെടുക്കുന്നത്. ദോഹയില്‍ ജനിച്ച അദ്ദേഹം ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്സ് ആന്റ് ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. 2003ല്‍ റൂളിങ് ഫാമിലി കൗണ്‍സില്‍ സാമ്പത്തിക ഗവേഷകനായാണ് കരിയര്‍ ആരംഭിക്കുന്നത്. 2023ല്‍ പരാഗ്വേയുടെ നാഷണല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് അംഗീകാരവും, 2021ല്‍ പൊതു സേവനത്തിന് യു.എസ്.നല്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് മെഡലും അദ്ദേഹത്തെ തേടിയെത്തി.
ലോകത്തിലെ ഏറ്റവു സ്വാധീനമുള്ള 100 വ്യക്തികളുടെ ടൈംസ് മാഗസിന്റെ പട്ടികയില്‍ അദ്ദേഹം ഇടം നേടി. ഖത്തറിന്റെ ഭരണ-സാമൂഹിക രംഗങ്ങളില്‍ വലിയ സംഭാവന നല്കിയ പ്രതിഭാശാലിയാണ് ഇദ്ദേഹം. ഇസ്രയേലും, ഹമാസും യുദ്ധം ചെയ്യുമ്പോള്‍, നിരപരാധികള്‍ കുരുതി കൊടുക്കപ്പെടുമ്പോള്‍ വേദനിക്കാത്ത മനുഷ്യരുണ്ടാവില്ല. ഗാസയില്‍ കൊല്ലപ്പെടുന്നകുട്ടികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ അത് നോക്കാനുള്ള മാനസിക ശേഷി പലര്‍ക്കുമില്ലായിരുന്നു. സ്വന്തം നാടിനായി അവര്‍ നടത്തുന്ന പോരാട്ടം സത്യത്തിന്റെ തീരത്തണയുകതന്നെ ചെയ്യും. ഗാസയിലും, യുദ്ധമുള്ളിടങ്ങളിലെല്ലാം സമാധാനം പുലരട്ടെ. ഭരണാധികാരികള്‍ സമാധാനത്തിന്റെ പതാകവാഹകരാവട്ടെ. ലോക സമാധാനത്തിന്റെ പതാക വാനിലുയര്‍ത്തി ഗാസയെ ചേര്‍ത്ത് പിടിച്ച് നമുക്കെല്ലാം മുന്നേറാം.