യുഎപിഎ കേസ്: പിഎഫ് ഐ മുന്‍ ചെയര്‍മാന് ജാമ്യമില്ല

യുഎപിഎ കേസ്: പിഎഫ് ഐ മുന്‍ ചെയര്‍മാന് ജാമ്യമില്ല

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം ഇതു പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദരേശും രാജേഷ് ബിന്‍ഡലും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

2022ലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തിനായി വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമപിച്ചത്.70 വയസുണ്ടെന്നും പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും കാന്‍സര്‍ ചികിത്സയ്ക്കായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമാണ് അബൂബക്കര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി പിഎഫ്ഐയും അതിന്റെ ഭാരവാഹികളും അംഗങ്ങളും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 2022 സെപ്തംബര്‍ 22നാണ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. ഐസിസ് പോലുള്ള ഭീകരവാദ ഗ്രൂപ്പുമായി പിഎഫ്ഐയ്ക്കും നിരവധി അനുബന്ധ ഗ്രൂപ്പുകള്‍ക്കും ബന്ധമുണ്ടെന്ന കാരണത്താല്‍ 2022 സെപ്തംബര്‍ 28ന് പിഎഫ്ഐയെയും മറ്റ് സംഘടനകളെയും അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിച്ചു.

 

 

യുഎപിഎ കേസ്: പിഎഫ് ഐ മുന്‍ ചെയര്‍മാന് ജാമ്യമില്ല

 

Share

Leave a Reply

Your email address will not be published. Required fields are marked *