ലോകത്തിന് വലിയ ഒരാശ്വാസ വാര്‍ത്തയാണ് ഗാസയില്‍ നിന്നുണ്ടായിരിക്കുന്നത്. ഗാസയിലെ ജനങ്ങളുടെ വേദനയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും സന്തോഷിക്കാം. ഒന്നര വര്‍ഷമായി ഇസ്രയേലും, ഹമാസും തമ്മിലുണ്ടായ യുദ്ധത്തിന് വിരാമമിട്ട് വെടി നിര്‍ത്തല്‍ കരാറായിരിക്കുന്നു. കരാര്‍ ഇസ്രയേലും, ഹമാസും അംഗീകരിച്ചു. ഈ മഹത്തായ കാര്യത്തിന് വേണ്ടി പ്രവര്‍്ത്തിച്ചവരെ നമുക്കഭിനന്ദിക്കാം.
ഗാസയില്‍ സമാധാനം പുലരുകയും, അവിടുത്തെ മനുഷ്യര്‍ സ്വതന്ത്രരായി ജീവിക്കുകയും ചെയ്യട്ടെ. ഇനിയവിടെ വെടിയൊച്ചകളോ, ബോംബിങ് വര്‍ഷമോ, മനുഷ്യരുടെ വിലാപങ്ങളോ ഉയരാതിരിക്കട്ടെ. ഇതുവരെ നടന്ന യുദ്ധത്തില്‍ ഗാസയില്‍ 46,707 ആളുകളാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേലും ഹമാസും തമ്മിലുണ്ടായ യുദ്ധത്തില്‍ നിപരാധികളായ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി കുട്ടികളും കൊല്ലപ്പെട്ടു. ഇവരുടെ ജീവഹാനിക്ക് ഒന്നുമൊരു പരിഹാരമല്ല. ആയുധമെടുത്തവരേക്കാളും, സാധാരണ മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഏതൊരു യുദ്ധത്തിന്റെയും പരിണിതഫലം ആള്‍നാശവും, നാടിന്റെ നാശവുമാണ്. അതാണ് ഗാസയിലുണ്ടായത്.
ഗാസയിലുണ്ടായിരുന്ന 923 ലക്ഷം പലസ്തീന്‍കാരില്‍ 80 ശതമാനവും അഭയാര്‍ത്ഥികളായി മാറി. തെക്കന്‍ ഇസ്രയേലില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് , ഇസ്രയേല്‍ പൗരന്മാരെ ബന്ധികളാക്കി 2023 ഒക്ടോബര്‍ 7നാണ് അക്രമണമാരംഭിക്കുന്നത്. ഇതിനെതിരെ ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചു. ഈ പ്രശ്‌നത്തിന്റെ ഭാഗമായി ഇരുഭാഗത്തുമുള്ള ഉന്നതരായ നേതൃത്വവും കൊല്ലപ്പെടുകയുണ്ടായി. മറ്റ് രാജ്യങ്ങളിലേക്കും അതിന്റെ പകര്‍ച്ചകളുണ്ടായി.
ഗാസക്കെതിരെയുള്ള ഇസ്രായേലിന്റെ കിരാതമായ ആക്രമണം നിര്‍ത്താന്‍ ലോകമെങ്ങും സമാധാനകാംക്ഷികള്‍ പ്രതിഷേധിച്ചു. ഹമാസിനെ തുടച്ചുനീക്കുമെന്ന് നെതന്യാഹു ശപഥം ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയും, ഖത്തറും നടത്തിയ ശക്തമായ ഇടപെടലിലൂടെ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഗാസയുടെ തെരുവുകളില്‍ ഇനി സന്തോഷം നിറയട്ടെ. അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കട്ടെ.
പരിഷ്‌കൃതമായ സമൂഹത്തില്‍ പോലും യുദ്ധമുണ്ടാകുന്നത് അങ്ങേയറ്റം വേദനാജനകമാണ്. മനുഷ്യ ജീവനുകള്‍ പിടഞ്ഞ് മരിക്കുമ്പോള്‍ സഹജീവികള്‍ക്കെങ്ങിനെ മനസമാധാനമുണ്ടാകും. ലോകത്തെല്ലായിടത്തും ശാന്തിയും സമാധാനവും പുലരട്ടെ. ഗാസ അതിന് വഴിവിളക്കാവട്ടെ.
ഗാസയില്‍ സമാധാനം പുലരട്ടെ (എഡിറ്റോറിയല്‍)