തിരുവനന്തപുരം: നെയ്യാറ്റിന്‍കര പിതാവിനെ മക്കള്‍ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തില്‍ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ഇരിക്കുന്ന നിലയിലാണ് കല്ലറയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ചുറ്റും ഭസ്മവും സുഗന്ധദ്രവങ്ങളുമുണ്ടായിരുന്നു.കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നു തന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ മരണം എപ്പോള്‍ സംഭവിച്ചു എന്നതിലടക്കം വ്യക്തത ലഭിക്കുകയുള്ളൂ. ഇതോടൊപ്പം മൃതദേഹം ഗോപന്‍സ്വാമിയുടേതാണോ എന്നറിയാനായി ഡിഎന്‍എ പരിശോധനയും നടത്തും.തിരുവനന്തപുരം സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണ് നടപടികള്‍.
വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. വീട്ടുകാരുമായി ഞാനും ഡിവൈഎസ്പിയും സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. നിയമപരമായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും സബ് കലക്ടര്‍ പറഞ്ഞു.
കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരുന്നിരുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധനയാണു പൊലീസ് നടത്തുക.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പുലര്‍ച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചു; ഇവിടെ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. ടാര്‍പോളിന്‍ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേല്‍മൂടി തുറന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആര്‍ഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളുടെ നേതാക്കളും കുടുംബവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. കല്ലറ പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെതന്നെ വന്‍ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്.
സമാധിയായി എന്നു പറയപ്പെടുന്ന ഗോപന്റെ ഭാര്യ സുലോചന ആര്‍ഡിഒ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നു ഹൈക്കോടതി ആരാഞ്ഞു. മരണസര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരും. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്.
സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോയെന്നു തിരിച്ചറിയണം. എങ്ങനെയാണു മരിച്ചതെന്ന് അറിയിക്കാന്‍ കുടുംബത്തോടും ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അന്തിമവിധി അനുസരിക്കുമെന്നു നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ (മണിയന്‍ 69) കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍സ്വാമി മരിച്ചശേഷം അദ്ദേഹം സമാധിയായി എന്ന ഒരു പോസ്റ്റര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബം വീടിന് സമീപത്തെ മതിലില്‍ പതിപ്പിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്നും വ്യക്തമാക്കിയിരുന്നു.
ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ തുറന്നു