കോഴിക്കോട്: ഒരു ദിവസം മൂവായിരത്തിലധികം രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓപിയില്‍ മരുന്ന് വിതരണം നിലച്ചതോടെ ചികിത്സയില്‍ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരും ഏറെ ദുരിതത്തിലായി. തലവേദനയ്ക്കുള്ള മരുന്ന് പോലും ഒപിയില്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും മെഡിക്കല്‍ കോളേജിലെ ന്യായവില മെഡിക്കല്‍ ഷോപ്പുകളിലും മരുന്നുകള്‍ കിട്ടാനില്ലാതായതോടെ ചികിത്സ മുടങ്ങുമെന്ന ആധിയിലാണ് രോഗികള്‍. പണമില്ലെങ്കില്‍ ജീവന് അപകടത്തിലാവുന്ന രോഗാവസ്ഥയിലുള്ളവര്ക്ക് ആശങ്ക ഏറുകയാണ്.
ഡയാലിസിസിനുള്‍പ്പടെ മരുന്നുകള്‍ പുറത്ത് നിന്നും വാങ്ങാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചതോടെ അതിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രോഗികളുടെ ബന്ധുക്കള്‍. ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ലാബ് പ്രവര്‍ത്തനവും താളം തെറ്റിയിട്ടിട്ടുണ്ട്. രക്തം ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്ക് വലിയ ക്ഷാമം നേരിടുന്നതിനാല്‍ ഇതും രോഗികള്‍ പുറത്തുനിന്നും വാങ്ങണം.
സര്‍ജറിക്ക് ആവശ്യമായ ഉപകരണങ്ങളും ആശുപത്രിയില്‍ ലഭ്യമല്ലെന്നും വലിയ തുക നല്‍കേണ്ട ഉപകരണങ്ങള്‍ വാങ്ങി നല്കാന് പണം ഇല്ലാത്തതിനാല്‍ സര്‍ജറികള്‍ മാറ്റിവെക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്താത്തതില്‍ എന്തുചെയ്യുമെന്നതാണ് രോഗികളുടെ ചോദ്യം. 9 മാസത്തെ കുടിശ്ശികയായ 90 കോടിയോളം രൂപ നല്‍കാതായതോടെയാണ് മരുന്ന് കമ്പനിക്കാര് മരുന്നുകള്‍ വിതരണം നിര്‍ത്തിയത്. മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മരുന്ന് വിതരണം നിലച്ചു;കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
രോഗികള്‍ക്ക് ദുരിതം