ഇന്ന് സി എം സ്റ്റീഫന്‍ ഓര്‍മ്മ ദിനം
ദേശീയ രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന് രംഗത്തും തലയെടുപ്പോടെ നിറഞ്ഞു നിന്ന പ്രഗത്ഭ വാഗ്മിയായിരുന്ന സി എം സ്റ്റീഫന്റെ നാല്പത്തി ഒന്നാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. കേന്ദ്ര മന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, എ ഐ സി സി ജനറല്‍ സെക്രട്ടറി, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ ട്രഷററും, കൊല്ലം ഡി സി സി പ്രസിഡണ്ട് എന്നീ പദവികളില്‍ ശക്തമായ നേതൃത്വം നല്കി നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാലയവനികക്ക് പിന്നില്‍ മറഞ്ഞെങ്കിലും ഇന്നും ജനഹൃദയങ്ങളില്‍ ആവേശ സ്മരണകള്‍ ഉണര്‍ത്തുന്ന
പ്രഗത്ഭ നേതാവാണ് സി എം സ്റ്റീഫന്‍.
വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ പ്രസംഗ വൈഭവം പ്രകടിപ്പിച്ച ചെമ്പകശ്ശേരി മത്തായി സ്റ്റീഫന്‍ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് അഭിഭാഷക വൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കോണ്‍ഗ്രസില്‍ സജീവമാകുകയും ചെയ്തതോടെ 1951 ല്‍ കൊല്ലം ഡി സി സി പ്രസിഡണ്ടായി. കൊല്ലത്തെ പഴയ കോണ്‍ഗ്രസ് ഭവന്റെ ശില്‍പ്പി അദ്ദേഹമായിരുന്നു. 1960 ലും 1965 ലും എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1971 ലും 1977 ലും 1980 ലും എം പി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1980 ല്‍ ലോകസഭയില്‍ പ്രതിപക്ഷ നേതാവായി.
1977 ലെ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ പരാജയപ്പെട്ട ഇന്ദിരാ ഗാന്ധി ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ലോകസഭയില്‍ എത്തിയെങ്കിലും ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അവരെ ലോകസഭയില്‍ നിന്ന് അന്യായമായി പുറത്താക്കുകയും ജയിലില്‍ അടക്കുകയും ചെയ്തപ്പോള്‍ സി എം സ്റ്റീഫന്‍ ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച് ലോക്സഭയില്‍ നടത്തിയ ഉജ്ജ്വല പ്രസംഗം ഇന്നും ആവേശത്തോടെ ഓര്‍ക്കുന്നു. ‘നിങ്ങള്‍ ഇന്ദിരാ ഗാന്ധിയെ കുരിശില്‍ തറച്ചിരിക്കുന്നു. പക്ഷെ കുരിശില്‍ നിന്ന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടെന്ന് നിങ്ങള്‍ മറക്കരുത്. നിങ്ങള്‍ ഇന്ന് പുറത്താക്കുന്ന ഈ മഹതി ഒരു കൊടുങ്കാറ്റ് പോലെ ഇടിമുഴക്കത്തോടെ തിരിച്ചു വരും ‘ എന്ന അദ്ദേഹത്തിന്റെ ഗര്‍ജ്ജനം ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ അകത്തളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചു. അദ്ദേഹം പ്രവചിച്ചത് പോലെ 1980 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി.
എന്നാല്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ സി എം സ്റ്റീഫന്‍ എ ബി വാജ്പേയിയോട് നേരിയ വോട്ടിന് പരാജയപ്പെട്ടു. ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സ്ഥാനാര്‍ഥിയാക്കി. അവിടെ വിജയിച്ച അദ്ദേഹത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി കേന്ദ്ര കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രിയായി നിയമിച്ചു. പിന്നീട് ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശം അനുസരിച്ച് പാര്‍ട്ടി ശക്തിപെടുത്താന്‍ മന്ത്രി പദവി രാജി വെച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറിയായി. 1984 ജനുവരി 16 ന് ഇടുക്കിയിലെ കട്ടപ്പനയില്‍ ഒരു പാര്‍ട്ടി യോഗത്തില്‍ പ്രസംഗം കഴിഞ്ഞു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
തൊഴിലാളി രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു ദേശീയ തൊഴിലാളി നേതാവായി ഉയര്‍ന്ന നേതാവാണ് സ്റ്റീഫന്ജി. 1965 ല്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആയി സി എം സ്റ്റീഫന്‍ സ്ഥാനം ഏറ്റെടുത്തതോടെയാണ് കേരളത്തില്‍ സംസ്ഥാന വ്യാപകമായി ഐ എന്‍ ടി യു സി ശക്തമായ തൊഴിലാളി പ്രസ്ഥാനമായി മാറിയത്. പിന്നീട് ഐ എന്‍ ടി യു സി അഖിലേന്ത്യാ ട്രഷറര്‍ ആയി ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു.
കൊല്ലം ജില്ലയില്‍ ഐ എന്‍ ടി യു സി യെ അജയ്യ ശക്തിയായി മാറ്റിയത് അദ്ദേഹമാണ്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിച്ച് കശുവണ്ടി ഫാക്ടറികള്‍ അടച്ചിട്ട് സര്‍ക്കാരിനെ വെല്ലുവിളിച്ച മുതലാളിമാര്‍ക്കെതിരെ കശുവണ്ടി വികസന കോര്പ്പറേഷന് സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. അന്ന് സി പി എം കശുവണ്ടി വികസന കോര്‍പ്പറേഷനെ എതിര്‍ത്തിരുന്നു എന്നത് ഇപ്പോള്‍ അവര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. സ്റ്റീഫന്‍ പദ്ധതി അറബിക്കടലില്‍ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. കശുവണ്ടി ഫാക്ടറികള്‍ക്ക് മുമ്പില്‍ വന്ന് കാറിന്റെ ബോണറ്റില്‍ കയറി നിന്ന് കൊണ്ട് തൊഴിലാളികളോട് ആവേശപൂര്‍വ്വം പ്രസംഗിച്ച സ്റ്റീഫന്ജി കശുവണ്ടി തൊഴിലാളികളുടെ മിശിഹാ ആയിരുന്നു.
കേന്ദ്ര കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ കേരളത്തിലെ ടെലികോം വികസനത്തിന് കുതിപ്പേകാന്‍ പ്രത്യേകം താല്‍പ്പര്യം കാണിച്ച അദ്ദേഹം വാര്‍ത്താ വിനിമയ വകുപ്പില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തിയ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു. കമ്പിത്തപാല്‍ ജീവനക്കാരുടെ സംഘടനയായ എഫ് എന്‍ പി ടി ഒ ദേശീയ ഭാരവാഹി എന്ന നിലയില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ മന്ത്രി എന്നതിനേക്കാള്‍ തൊഴിലാളി നേതാവ് എന്ന നിലയില്‍ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും ശ്രമിച്ച നേതാവിനെയാണ് എനിക്ക് കാണാന്‍ സാധിച്ചത്. ദേശീയ രാഷ്ട്രീയത്തിന് കേരളത്തിന്റെ സംഭാവനയായ മഹാനായ നേതാവിന്റെ പാവന സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ ??
(എം കെ ബീരാന്, കോഴിക്കോട്.
(ലേഖകന്‍ ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്