കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. പന്ത്രണ്ടരയോടെ ഓണ്‍ലൈനായാണ് അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്. കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായതിനാല്‍ റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും ഹര്‍ജി പരിഗണിക്കണമെന്നും ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.
പ്രതി സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണ്. കേസില്‍ 30 മണിക്കൂര്‍ ചോദ്യം ചെയ്തതാണെന്നും പൊലീസ് കസ്റ്റഡി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പ്രതിയുടെ ആരോഗ്യപ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചു.
നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ അഭിരാമി തള്ളി.വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.
ജാമ്യാപേക്ഷയുമായി ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍