കോഴിക്കോട്: കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷം ഡ്രൈവര്‍ രജിത്തും ഭാര്യ തുഷാരയും വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് തുഷാരയുടെ സഹോദരന് സുമല്‍ജിത്ത്. കഴിഞ്ഞ മൂന്നാഴ്ചയായി ക്രൈംബ്രാഞ്ച് ഇവരെ നിരന്തരം അന്വേഷണത്തിനായി വിളിപ്പിച്ചിരുന്നതായും കുറ്റവാളികളോട് എന്നപോലെയാണ് പെരുമാറിയിരുന്നത് എന്നും രജിത്തിന്റെ അഭിഭാഷകനും ആരോപിച്ചു.
ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണം എന്നും മകനെ കൂട്ടിക്കൊണ്ടുപോവണം എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച രജിത്ത് വിളിച്ചിരുന്നു. അതുപ്രകാരം കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ഇരുവരും തിരിച്ചെത്താതിനെ തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ തിരിച്ചെത്തിയില്ലെന്നും വീടിന്റെ താക്കോല്‍ ഏല്‍പ്പിച്ചാണ് രാവിലെ പോയത് എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീടാണ് ലോഡ്ജില്‍ മുറിയെടുത്ത വിവരം അറിഞ്ഞതെന്നും സുമല്‍ജിത്ത് പറയുന്നു.
ക്രൈംബ്രാഞ്ച് സംഘം വളരെ മോശമായാണ് രജിത്തിനോടും കുടുംബത്തോടും പെരുമാറിയിരുന്നത് പുലര്‍ച്ച സമയത്ത് വരെ അവര്‍ വീട്ടില്‍ വന്നുപോയിട്ടുണ്ട്. കടുത്ത മാനസികപ്രയാസമാണ് ഇത് സഹോദരിക്കും ഭര്‍ത്താവിനും ഏല്പിച്ചിരുന്നതെന്നും സുമല്‍ജിത്ത് ആരോപിച്ചു.
കുറ്റവാളികളോട് എന്നപോലെയാണ് അന്വേഷണസംഘം ഇവരോട് പെരുമാറിയിരുന്നതെന്ന് രജിത്തിന്റെ അഭിഭാഷകന് റിവറസ് ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ക്രൈംബ്രാഞ്ച് രജിത്തിനെയും ഭാര്യയേയും നിരന്തരം വിളിപ്പിച്ചിരുന്നു. രജിത്ത് പോലീസിനോട് സഹകരിക്കാത്ത ആളല്ല, എന്നിട്ടും മോശമായ ഭാഷയും രീതിയുമാണ് ക്രൈംബ്രാഞ്ച് ഇവരോട് പ്രയോഗിച്ചിരുന്നതെന്നും റിവറസ് ആരോപിച്ചു.
കേസില്‍ വേറെ ഒരുതുമ്പും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് കൈയില്‍കിട്ടിയ രജിത്തിനെയും കുടുംബത്തെയും മാത്രം ചുറ്റിപ്പറ്റി അന്വേഷണം തുടരുകയാണെന്നും രജിത്തിന്റെ അഭിഭാഷകന് ആരോപിച്ചു. അതേസമയം രജിത്തും ഭാര്യയും കയറിയ ഓട്ടോറിക്ഷ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫ് ആണെന്നും അന്വേഷണ സംഘം അറിയിച്ചു.
മാമി തിരോധാനം: ക്രൈംബ്രാഞ്ച് ചോദ്യംചെയ്തശേഷം ഡ്രൈവര്‍ രജിത്തും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയില്ല-ബന്ധു