രാഷ്ട്രീയ നേതൃത്വങ്ങളേ കത്തി താഴെയിടൂ………….

രാഷ്ട്രീയ നേതൃത്വങ്ങളേ കത്തി താഴെയിടൂ………….

എഡിറ്റോറിയല്‍

രാഷ്ട്രീയ നേതൃത്വങ്ങളേ കത്തി താഴെയിടൂ….. രാഷ്ട്രീയ കൊലപാതകത്തില്‍ മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപമാണിത്. കണ്ണൂരിലെ ജില്ലാ കോടതിയുടെ മുന്‍പില്‍ നിന്നും കേട്ടത് ഇനി നമ്മള്‍ കേള്‍ക്കാന്‍ ഇടയാകരുത്‌.  ഒരിക്കലും ആ അമ്മയ്ക്ക് തിരിച്ചു കിട്ടാത്ത മകന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പിലാണ് ആ അമ്മയുടെ സങ്കട കടലൊഴുകിയത്. കണ്ണൂരില്‍ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയ റിജിത്ത് വധക്കേസില്‍  വിധികേട്ട ശേഷമായിരുന്നു ആ അമ്മയുടെ വാക്കുകള്‍.

മകന്‍ നഷ്ടപ്പെട്ട ആ അമ്മയുടെ ദുഃഖത്തിന് ആര് പരിഹാരം നല്‍കും. ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കാവുമോ? രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാവുമോ? ഭരണകൂടങ്ങള്‍ക്കാവുമോ? എത്രയെത്ര അമ്മമാര്‍, പെങ്ങന്‍മാര്‍, ഭാര്യമാര്‍, അച്ഛന്‍ നഷ്ടപ്പെട്ട മക്കള്‍, രാഷ്ട്രീയത്തിന് വേണ്ടി ജീവനെടുക്കപ്പെട്ടവരുടെ ബന്ധുക്കള്‍, കമ്മ്യൂണിസ്റ്റാവട്ടെ, കോണ്‍ഗ്രസ്സാവട്ടെ, ബിജെപിയാവട്ടെ, ആര്‍എസ്എസ് ആവട്ടെ, മറ്റേത് പാര്‍ട്ടിയാവട്ടെ, മരിച്ചു വീഴുന്നത് ഒരു മനുഷ്യനാണെന്ന തിരിച്ചറിവ് എന്നാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും, കൊലപാതകത്തിന് ആയുധങ്ങളുമായി പോകുന്നവര്‍ക്കുമുണ്ടാവുക? നിങ്ങളുടെയൊക്കെ ക്രൂരമായ മനസ്സ് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. വലിയ, വലിയ നേതാക്കള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങളിലിരുന്ന് കല്‍പ്പിച്ചാല്‍ മതി. കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരാണ്. അച്ഛന്‍ നഷ്ടപ്പെട്ട കുട്ടികളുടെ ആര്‍ത്ത നാദവും വേദനയും നിങ്ങളുടെയൊന്നും മനസ്സില്‍ കയറുന്നില്ലേ? നിങ്ങള്‍ക്കും മക്കളില്ലേ? നിങ്ങളും അച്ഛനല്ലേ? നിങ്ങളും ഭര്‍ത്താവല്ലേ? മറ്റൊരര്‍ത്ഥത്തില്‍ ചോദിച്ചാല്‍ നിങ്ങള്‍ മനുഷ്യന്മാരല്ലേ?
അക്രമം കൊണ്ട് ഒരു രാഷ്ട്രീയവും വളര്‍ന്നിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു തലത്തിലും അക്രമത്തിന് സ്ഥാനവുമില്ല. സമൂഹത്തിന്റെ വളര്‍ച്ചക്ക് വിഘാതമാണ് അക്രമ രാഷ്ട്രീയം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൊല്ലപ്പെടുന്ന നമ്മുടെ കുട്ടികളെക്കുറിച്ചേര്‍ക്കുമ്പോള്‍ ഉള്ളുപൊട്ടുന്ന പ്രയാസമാണ് ഉണ്ടാവുന്നത്. കലാലയങ്ങളില്‍ കൊലക്കത്തിയുമായി ആക്രോശിക്കുന്നവരും, അക്രമം നടത്തുന്നവരും നാടിനപമാനമാണ്. വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് കലാലയങ്ങളിലെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട നടപ്പാക്കാനല്ല. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്താല്‍ കൊലക്കത്തിക്കിരയായ എത്ര വിദ്യാര്‍ത്ഥികള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഭാവി ജീവിതത്തില്‍ പഠിച്ച് മിടുക്കന്‍മാരായി, നാടിന് ഗുണമായി ഭവിക്കേണ്ട ഇവരെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയം നമുക്ക് വേണോ? വിദ്യാര്‍ത്ഥി സംഘടനകളെ മാതൃകാപരമായി നയിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാവുന്നില്ലെങ്കില്‍ നിങ്ങളാ ജോലിക്ക് നില്‍ക്കരുത്.
ജീവനെടുക്കുന്നവരാരയാലും അവര്‍ക്ക് നീതിപീഠം എന്ത് ശിക്ഷ നല്‍കിയാലും അതിനപ്പുറമുള്ള കാലത്തിന്റെ കാവ്യ നീതി അവരെ കാത്തിരിക്കുക
തന്നെ ചെയ്യും. അതൊരു പ്രകൃതി നിയമം തന്നെയാണ്. അക്രമത്തെ സമൂഹം ഇഷ്ടപ്പെടുന്നില്ലെന്നും അക്രമകാരികള്‍ക്ക് പിന്തുണ നല്‍കുന്ന ഇത്തരം നേതാക്കളെ സമൂഹം വെറുക്കുന്നുണ്ടെന്നും എന്താണ് ഇവരൊന്നും തിരിച്ചറിയാതെ പോകുന്നത. രാഷ്ട്രീയ നേതൃത്വമോ, നേതാവോ ആരുമാകട്ടെ,തെറ്റായ കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സ്വയം ബുദ്ധിയില്‍ നിന്ന് അതില്‍ നിന്ന് പിന്‍മാറാന്‍ എന്തിനാണ് പേടിക്കുന്നത്. തന്നെപോലെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ള, താന്‍ കൊടുക്കാത്ത മറ്റൊരു ജീവനെ ഇല്ലാതാക്കാന്‍ തനിക്കധികാരമില്ലെന്ന്  തിരിച്ചറിയാന്‍ എന്താണ് വൈമനസ്യം.
കൊലപാതക കേസുകളില്‍ പങ്കെടുത്തവര്‍ക്ക് പില്‍ക്കാലത്ത് സമാധാനം കിട്ടിയിട്ടില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിന്റെ ഒരു മൊഴിയാണ് കൃപേഷ്, ശരത്‌ലാല്‍ വധത്തിലെ പ്രതികളിലൊരാളുടെ പ്രതികരണം. കേരളം പ്രബുദ്ധമായ ഒരു സമൂഹമാണ്. വിദ്യാസമ്പന്നമായ ഒരു യുവതലമുറയാണ് ഇവിടെയുള്ളത്. അവരാരും തന്നെ ഇത്തരം ഭയപ്പെടുത്തുന്ന രാഷ്ട്രീയത്തെ ഇഷ്ടപ്പെടുന്നവരല്ല. സമൂഹം നേതാക്കളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും ആവശ്യപ്പെടുന്നത് ക്രിയാത്മകമായ രാഷ്ട്രീയമാണ്. അത് മാത്രമേ നാടിനെ മുന്നോട്ട് നയിക്കൂ. അതിന്റെ പതാക വാഹകരാകാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

രാഷ്ട്രീയ നേതൃത്വങ്ങളേ കത്തി താഴെയിടൂ………….

Share

Leave a Reply

Your email address will not be published. Required fields are marked *