എഡിറ്റോറിയല്‍
രാജ്യ ചരിത്രത്തില്‍ ഏറ്റവും ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പിലാക്കിയ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിങ്. ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി ക്ഷേമ പദ്ധതിയായ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതിലൂടെ അശരണരും, ആലംബഹീനരുമായ പതിനായിരക്കണക്കിന്, രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലെ സാധാരണ ജനവിഭാഗങ്ങള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. 40 കോടി പേരാണ് ഈ പദ്ധതിയുടെ ഗുണഫലം അനുഭവിച്ചത്.
ഉദാരവല്‍ക്കരണ നടപടികളിലൂടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളടക്കം സ്വകാര്യവല്‍ക്കരിക്കുന്നു എന്ന് മുറവിളികൂട്ടിയവര്‍ക്കുള്ള മറുപടിയാണ് ഈ പദ്ധതി. ലോകത്ത് ഇത്രയും ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ മറ്റൊരു പദ്ധതിയില്ല. അടിസ്ഥാന വര്‍ഗത്തെ ശാക്തീകരിക്കുന്നതില്‍ അദ്ദേഹം കൊണ്ടുവന്ന ഈ പദ്ധതിയിലൂടെ അദ്ദേഹം എക്കാലവും ജന മനസ്സുകളില്‍ ജീവിക്കും. രാജ്യത്തെ അധികാര കേന്ദ്രങ്ങള്‍ അപ്രാപ്യമായിരുന്ന ജനതയ്ക്ക് വിവരാവകാശ നിയമം പാസ്സാക്കി. വിവരങ്ങള്‍ ശേഖരിക്കാനുള്ള അവസരം നല്‍കിയതിലൂടെ വിപ്ലവകരമായ ഒരു മാറ്റത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചത്.
ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിദ്യാഭ്യാസം മൗലികാവകാശമാക്കാനുള്ള നിയമവും അദ്ദേഹത്തിന്റെ കാലത്താണ് പാസാക്കുന്നത്. രാജ്യത്തിന്റെ വികസനം സ്വപ്‌നം കാണുകയും അതിനാവശ്യമായ പാത വെട്ടിത്തുറക്കുകയും ചെയ്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്. അദ്ദേഹം നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളാണ് ഇന്ത്യയുടെ പുരോഗതിക്ക് ആധാരമായി ഭവിച്ചത്. ആഭ്യന്തര ഉല്‍പ്പാദനവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാനും വിദേശ നിക്ഷേപം കൊണ്ട് വരാനും, വിദേശ മാര്‍ക്കറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സാഹചര്യം ഇത്തരം നടപടികളിലൂടെ സംജാതമായി. രാജ്യം കടക്കെണിയിലായി, വിദേശത്തുള്ള സ്വര്‍ണ്ണം പോലും പണയംവെക്കേണ്ട ഗതികേടില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയെ തിരിച്ചുപിടിച്ചത്. ലോകം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ഇന്ത്യക്ക് പോറലേല്‍ക്കാതെ അദ്ദേഹം സംരക്ഷിച്ചു. ഇന്ത്യഅവിടെയും തലയയുയര്‍ത്തി നിന്നു.
പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള വ്യക്തിയും അദ്ദേഹമായിരുന്നു. പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ അധ്യാപിക തന്നെ രേഖപ്പെടുത്തിയത് തല ആകാശത്തും കാല് ഭൂമിയിലുമുള്ള വിദ്യാര്‍ത്ഥി എന്നായിരുന്നു. അത്രയ്ക്കും മിടുക്കനായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ജീവിതം സംശുദ്ധമാകണമെന്നതിന് മഹനീയ മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. വര്‍ഗ്ഗീയതക്കെതിരെ കര്‍ശന നിലപാട് അദ്ദേഹം സ്വീകരിച്ചു. ബാബറി മസ്ജിദ് വിഷയം ചൂണ്ടിക്കാട്ടി മൃദു ശബ്ദത്തില്‍ അദ്ദേഹം അദ്വാനിയെ കടന്നാക്രമിച്ചു. ബാബറി പള്ളി തകര്‍ത്തപ്പോള്‍ നിശ്ചലനായി നിന്ന അദ്വാനിയെ പാര്‍ലമെന്റില്‍ അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരമ്പരാഗത പാതയില്‍ നിന്ന് മാറ്റി പ്രതിഷ്ഠിക്കുകയും, ഇന്ന് കാണുന്ന വികസനത്തിന് അടിത്തറയിടുകയും ചെയ്ത പ്രധാനമന്ത്രിയാണദ്ദേഹം. അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യം എന്നുമോര്‍ക്കും.