കെ.എഫ്.ജോര്‍ജ്ജ്
മുണ്ടക്കൈ എന്നു കേള്‍ക്കുമ്പോള്‍ മഹാദുരന്തത്തിനു കാരണമായ ഉരുള്‍പൊട്ടലാണ് ഓര്‍മ്മയിലെത്തുക. 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, കൂടാതെ ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം തുടങ്ങി സമീപ പ്രദേശങ്ങളെക്കൂടി പാഴ് ഭൂമിയാക്കി മാറ്റി. 403 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായവര്‍ നൂറ്റമ്പതിലേറെ. വ്യക്തമായ കണക്ക് ഒരിക്കലും കിട്ടാനിടയില്ല. ദുരന്തം അവശേഷിപ്പിച്ചവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
ഈ ദുരന്തത്തിനു 40 വര്‍ഷം മുമ്പ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയിരുന്നു. എസ്റ്റേറ്റും വനങ്ങളും ചേര്‍ന്ന മുണ്ടക്കൈ അന്നാണ് ആദ്യമായി വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി ഒരു പ്രദേശം മുഴുവന്‍ മണ്ണിനടിയിലായി എന്നു കേട്ട് 1984 ജൂലൈ ഒന്നിന് അന്ന് വയനാട് ജില്ലാ ലേഖകനായിരുന്ന ഞാന്‍ ഒരു ജീപ്പില്‍ മുണ്ടക്കൈയ്ക്കു തിരിച്ചു. ഫോട്ടോ എടുക്കാന്‍ കല്‍പ്പറ്റ ദിനേശ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറേയും കൂട്ടി.
മേപ്പാടി കഴിഞ്ഞുള്ള റോഡ് വളരെ മോശം. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ എസ്റ്റേറ്റ് റോഡിലൂടെ ഫോര്‍വീല്‍ ജീപ്പ് ഏറെ കഷ്ടപ്പെട്ടാണ് മുണ്ടക്കൈയിലെത്തുന്നത്. പിന്നീട് ഒരു മല നടന്നു കയറിയെത്തുമ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ഒരു കുന്നിന് ചെരിവ് അപ്പാടെ ഉരുള്‍പൊട്ടി വന്ന് പുതുമണ്ണു മൂടിക്കിടക്കുന്നു. മണ്ണിനു മുകളില്‍ ഒരു മനുഷ്യന്റെ കറുത്ത തുടഭാഗം എല്ലില്ലാതെ തുണ്ടം കഷ്ണമായി കിടക്കുന്നു. കുറച്ചുമാറി മാംസമില്ലാത്ത വെളുത്ത തുടയെല്ല്. പ്രളയ ജല കുത്തൊഴുക്കില്‍ തുടയെല്ലില്‍ നിന്നു മാംസം ഊരി വേര്‍പെട്ടു പോയതാണ്. മറ്റൊരിടത്ത് വയറുവീര്‍ത്ത ഒരു മുള്ളന്‍പന്നിയുടെ ജഡം.കഴിഞ്ഞ രാത്രി നിര്‍ത്താതെ മഴ പെയ്തുകൊണ്ടിരുന്നു. പിന്നീടു വന്ന ഔദ്യോഗിക കണക്കില്‍ കാണുന്നത് 340 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ്. ഒരു എസ്റ്റേറ്റ് പാടിയും ആദിവാസി കുടിലുകളും ഇവിടെ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ആ ഉരുള്‍പൊട്ടലില്‍ 14 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
ഉരുള്‍പൊട്ടിയ സ്ഥലത്ത് വൈത്തിരി പൊലീസ് സേറ്റേഷനിലെ കുറച്ചു പൊലീസുകാരും നാട്ടുകാരും മാത്രമേയുള്ളൂ. അപ്പോഴും കനത്ത മഴ തുടരുകയാണ്. മണ്ണില്‍ ചവിട്ടുന്നത് സൂക്ഷിച്ചുവേണം. ചിലപ്പോള്‍ ഇളകി വന്ന മണ്ണിനടിയിലേക്ക് താഴ്ന്നു പോയേക്കാം.
വയനാട് ജില്ല രൂപം കൊണ്ടിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. ജില്ലാ ഭരണകൂടത്തിന് സൗകര്യങ്ങള്‍ വളരെ പരിമിതം. കലക്ട്രേറ്റിന് സ്വന്തം കെട്ടിടമായിട്ടില്ല. ഉദ്യോഗസ്ഥരും വളരെ കുറവ്. ഫയര്‍ സ്റ്റേഷനോ നല്ല ആശുപത്രിയോ ഇല്ല. കോഴിക്കോട്ടു നിന്നു വരുന്ന ഫയര്‍ എഞ്ചിനേയും മണ്ണുമാന്തിയേയും രക്ഷാ പ്രവര്‍ത്തകരേയും കാത്തിരിക്കുകയാണ് റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരും കലക്ടറും.
ഉച്ച കഴിഞ്ഞ് കോഴിക്കോട്ടു നിന്ന് മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ടി.നാരായണനെത്തി. അപ്പോഴേക്കും മണ്ണുമാന്തിയും സ്ഥലത്തെത്തിയിരുന്നു. കാണാതായവരെ തിരഞ്ഞും ബന്ധുക്കളും സ്ഥലത്തെത്തി. മാന്തിയെടുത്ത ഒരു കാല് മകന്റേതാണെന്ന് മുണ്ടക്കൈയിലെ അന്നക്കുട്ടി തിരിച്ചറിഞ്ഞു. അറ്റുപോയ മകന്റെ കാലുമായി പോകുന്ന അന്നക്കുട്ടിയുടെ ചിത്രം ടി.നാരായണനെടുത്തു. ആ ചിത്രം നിരവധി പുരസ്കാരങ്ങള്‍ നേടി.
മണ്ണിടിഞ്ഞു കിടക്കുന്ന ദൃശ്യങ്ങളും, രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളുമെല്ലാം പകര്‍ത്തി കല്‍പ്പറ്റയ്ക്കു മടങ്ങി. അപ്പോള്‍ ചത്തു ചീര്‍ത്ത മുള്ളന്‍ പന്നിയെ
എടുത്തുകൊണ്ട്് രണ്ടുപേര്‍ അവിടെ നില്ക്കുന്നുണ്ടായിരുന്നു. ചുറ്റും കൂടിയവര്‍ ഓരോരോ കമന്റുകളും പറയുന്നു.
അന്നത്തെ കാലത്ത് പത്രം ഓഫീസില്‍ എപ്പോഴും ആള്ത്തിരക്കായിരിക്കും. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതു പ്രവര്‍ത്തകരുമെല്ലാം ജില്ലാ ബ്യൂറോയില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കും. ഓഫീസെന്നു പറയുന്നത് ചെറിയ മുറിയാണ്. ഈ ബഹളത്തിനിടയില്‍ വാര്‍ത്ത എഴുതാന്‍ തന്നെ സ്വസ്ഥത കിട്ടില്ല. അപ്പോള്‍ രണ്ടു പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ അവിടേക്കു കയറിവന്നു. മാതൃഭൂമി ജില്ലാ ബ്യൂറോയില്‍ കയറിയ ശേഷമുള്ള വരവാണ്. ‘നിങ്ങള്‍ക്ക് മുള്ളന്‍ പന്നിയുടെ പടം കിട്ടിയില്ലേ? അതിനെ പൊലീസുകാര്‍ കൊണ്ടുപോയി’.
മുള്ളന്‍ പന്നിയുടെ പടം എടുത്തിട്ടുണ്ട്. ചത്ത് ഏറെ നേരമായതുകൊണ്ട് അത് ചീഞ്ഞിട്ടുണ്ട്. അതിനെ പാകം ചെയ്യാനോ തിന്നാനോ പറ്റില്ല. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ വൈത്തിരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിളിച്ചു. ഞങ്ങള്‍ മുള്ളന്‍ പന്നിയെ കൊണ്ടുപോയെന്നു പറഞ്ഞ് ആളുകള്‍ വന്നേക്കും. ദയവായി കൊടുക്കരുത്. ഞങ്ങള്‍ ആ ചീഞ്ഞ മുള്ളന്‍ പന്നിയെക്കൊണ്ട് എന്തു ചെയ്യാനാണ്? ഇങ്ങനെ പോയി എസ്.ഐയുടെ വിലാപം.
ഉരുള്‍പൊട്ടല്‍ വാര്‍ത്ത ഫോണില്‍ കൊടുത്തു. പിറ്റേ ദിവസം ഗംഭീരമായി ഒന്നാംപേജില്‍ വാര്‍ത്തയും പടങ്ങളും വന്നു. മാതൃഭൂമിയില്‍ മുള്ളന്‍പന്നിയുടെ ജഡവുമായി രണ്ടുപേര്‍ പൊലീസ് ജീപ്പിനു പിന്നില്‍ നില്ക്കുന്ന പടമുണ്ട്. വാര്‍ത്തയുടെ തലക്കെട്ട് – ‘ദുരന്തത്തിനിടയിലും അവരുടെ കണ്ണ് പന്നിയിറച്ചിയില്‍’ .സ്വാഭാവികമായും ഈ വാര്‍ത്ത വലിയ കോലാഹലമുണ്ടാക്കി. പൊലീസിനു നാണക്കേടായി. പൊലീസ് ജീപ്പിനു പിന്നില്‍ മുള്ളന്‍ പന്നിയെ പിടിച്ചുകൊണ്ട് നില്ക്കുന്ന രണ്ടു പേരെ തിരക്കി പൊലീസ് മേപ്പാടിയിലെത്തി. തങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവിടെ അങ്ങനെ നിര്‍ത്തിയതെന്ന മൊഴി വാങ്ങി, കേസെടുത്തു. പാതിരാത്രിയില്‍ മാതൃഭൂമി ലേഖകന്‍ കെ.ജയചന്ദ്രനെ അറസ്റ്റ് ചെയ്തു.
മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തത് വലിയ ബഹളത്തിനു കാരണമായി. രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമ ലോകവും പ്രതിഷേധിച്ചു. ഏറെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ഭരണ നേതൃത്വം ഇടപെട്ട് കേസ് അങ്ങനെ ക്രമേണ അവസാനിച്ചു.
ചില ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ല ചൂടന്‍ വാര്‍ത്തയ്ക്കുള്ള വകുപ്പുണ്ടല്ലോ എന്നു തോന്നും. എന്നാല്‍ മറുവശം കൂടി തിരക്കുമ്പോള്‍ ആ ചൂടും എരിവും കുറയുന്നതായി മനസിലാകും. രണ്ടു വശവും തിരക്കുമ്പോഴാണ് വാര്‍ത്തയ്ക്ക് ബാലന്സുണ്ടാകുന്നത്. ഒരു വശം മാത്രം കേട്ട് വാര്‍ത്ത കൊടുക്കുമ്പോള്‍ ബലിയാടാവുന്നത് നിരപരാധികളായിരിക്കാം.
കഴിഞ്ഞ പത്തിരുപത് വര്‍ഷം കൊണ്ട് മുണ്ടക്കൈയും പരിസര പ്രദേശങ്ങളും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളായി. പുഴത്തീരങ്ങളില്‍ ഹോംസ്റ്റേകളും കടകളും ഭക്ഷണ ശാലകളും നിരന്നു. ഒറ്റ നോട്ടത്തില്‍ പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങളെന്നു തോന്നാം. പക്ഷേ മുകളിലുള്ള പുഞ്ചിരിമട്ടത്തെ മലഞ്ചെരിവില്‍ ഉരുള്‍പൊട്ടി താഴേക്ക് കല്ലും മണ്ണും പ്രവഹിച്ചപ്പോള്‍ പുഴത്തീരത്തുള്ള വീടുകളും അതിലുള്ള മനുഷ്യരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര് മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുന്നതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുന്നതാണ് വാടാമല്ലികള്‍.
മുണ്ടക്കൈ ഉരുള്‍പൊട്ടലും മുള്ളന്‍പന്നിയും (വാടാമല്ലികള്‍ ഭാഗം 10)
Related