കോഴിക്കോടിന്റെ മുഖഛായ മാറ്റാനൊരുങ്ങി സംസ്ഥാന സ്പെഷ്യല്‍ ഒളിമ്പിക്‌സ് 2024

കോഴിക്കോടിന്റെ മുഖഛായ മാറ്റാനൊരുങ്ങി സംസ്ഥാന സ്പെഷ്യല്‍ ഒളിമ്പിക്‌സ് 2024

24 കായിക ഇനങ്ങള്‍, 495 മത്സരങ്ങള്‍, മത്സരിക്കുന്നവരെല്ലാം ജേതാക്കള്‍

കോഴിക്കോട്: വീറും വാശിയുമല്ല, ഒരുമയും സ്‌നേഹവുമാണ് ഓരോ വിജയത്തിനും മാറ്റേകുന്നത്…!
കായിക ലോകത്ത് കൗതുകകരമായ ഒരു പുതിയ അദ്ധ്യായം രചിക്കാന്‍ കോഴിക്കോട് നഗരം ഒരുങ്ങി. കോഴിക്കോട് ആഥിത്യമരുളുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് – കേരള, സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റ് 2024 കായിക മഹാമേളയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. മൂന്ന് രാപ്പകല്‍ നീളുന്ന മത്സരങ്ങള്‍ ഡിസംബര്‍ 27 മുതല്‍ ആരംഭിക്കും.

ബൗദ്ധികവും വളര്‍ച്ചാ പരവുമായ പരിമിതികളുള്ള ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കായിക രംഗത്തിലൂടെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണ് സ്പെഷ്യല്‍ ഒളിമ്പിക്‌സിന്റെ പ്രഥമ ലക്ഷ്യം. അവരുടെ സവിശേഷതകള്‍ പരിഗണിച്ച് രൂപപ്പെടുത്തിയ കായിക മത്സര നിയമാവലികളുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രാദേശികതലം (ജില്ലാതലം) മുതല്‍ അന്തര്‍ദേശീയ തലം വരെ ചിട്ടയോടെ മത്സരങ്ങള്‍ നടന്നു വരുന്നുണ്ട്. 2018-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് ശേഷം കേരളത്തില്‍ സംസ്ഥാനതല മത്സരം നടന്നിരുന്നില്ല.

ഡിസംബര്‍ 27, 28, 29 തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒളിമ്പ്യന്‍ റഹ്‌മാന്‍ ഗ്രൗണ്ടില്‍ വച്ച് 2024-ലെ സ്പെഷ്യല്‍ ഒളിമ്പിക്‌സ് സംസ്ഥാന കായിക മേള നടക്കും. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പ്രാതിനിധ്യമുണ്ട്. അഞ്ച് പ്രായ പരിധികളില്‍ നിന്നായി അയ്യായിരത്തോളം അത്‌ലറ്റുകളാണ് മത്സരിക്കുന്നത്. കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് ചെയര്‍പേഴ്‌സണായും, സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് – കേരളയുടെ ചെയര്‍മാന്‍, ഡോ. എം. കെ. ജയരാജ് ജനറല്‍ കണ്‍വീനറുമായുള്ള ഒരു സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ 235 സ്പെഷ്യല്‍-ബഡ്സ്-നോര്‍മല്‍ സ്‌കൂളുകളില്‍ നിന്ന് 4468 പേര്‍ രജിസ്റ്റര്‍ ചെയ്തു. അവര്‍ക്കൊപ്പം, അവരെ അനുഗമിച്ചുകൊണ്ടുള്ള രക്ഷിതാക്കളും, അധ്യാപകരും, പരിശീലകരും, വളണ്ടിയര്‍മാരും, ഒഫീഷ്യലുകളും ഉള്‍പ്പടെ 7000 പേര്‍ പരിപാടിയില്‍ സംബന്ധിക്കും.

ആദ്യ ദിനം രാവിലെ 8:30 നും, മറ്റു ദിവസങ്ങളില്‍ 7:00 മണിക്കും മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് 6:00 മണി വരെ നീളുന്ന മത്സരങ്ങള്‍, ഒളിമ്പ്യന്‍ റഹ്‌മാന്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലും തൊട്ടടുത്തുള്ള ഗ്രൗണ്ടിലുമായി എട്ട് സ്ഥലങ്ങളിലായാണ് നടക്കുക. റണ്ണിങ് റേസ്, വാക്കിങ് റേസ്, വീല്‍ ചെയര്‍ റേസ്, ലോങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, സോഫ്റ്റ് ബോള്‍ ത്രോ എന്നിങ്ങനെ 24 കായിക ഇനങ്ങളിലായി 495 മത്സരങ്ങളാണുള്ളത്.

ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങള്‍ക്ക് പുറമെ മത്സരിക്കുന്ന എല്ലാ അത്‌ലറ്റുകള്‍ക്കും സമ്മാനങ്ങള്‍ നല്‍്കുന്നുണ്ടെന്ന പ്രത്യേകതയും പ്രസ്തുത കായിക മേളയ്ക്കുണ്ട്. സഹ മത്സരാര്‍ത്ഥികളെ പിന്തള്ളി ഒന്നാമതാവണം എന്ന സാധാരണ കായിക മനോഭാവത്തില്‍ നിന്നും വ്യത്യസ്തമായി ഒപ്പം മത്സരിക്കുന്നവരെയും ചേര്‍ത്ത് ഒന്നായി മുന്നേറണം എന്ന മഹത്തായ തത്വമാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് പിന്തുടരുന്നത്.

ഡിസംബര്‍ 27-ന് വൈകീട്ട് നടക്കുന്ന മാര്‍ച്ച് പാസ്റ്റിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടന യോഗത്തില്‍, മന്ത്രിമാരായ അഡ്വ. പി. എ. മുഹമ്മദ് റിയാസ്, എ. കെ. ശശീന്ദ്രന്‍, വി. അബ്ദുറഹിമാന്‍, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് പ്രസിഡണ്ട് ഡോ. മല്ലിക നദ്ദ, ജനറല്‍ സെക്രട്ടറി ഡോ. ഡി. ജി. ചൗധരി തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കാളികളാകും.

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന വിഭാഗത്തിലുള്ളവര്‍ക്കായി ഒരുക്കുന്ന ഈ കായികമഹാമഹം ഒരു സ്‌പോര്‍ട്‌സ് മത്സരത്തിലുപരി ഈ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഔന്നത്യമുള്ള ഒരു ശാക്തീകരണ സംരംഭമാണ്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മികച്ച പാരമ്പര്യമുള്ള അക്ഷര നഗരമെന്ന് ലോകമറിയുന്ന കോഴിക്കോടിന്, സ്പെഷ്യല്‍ ഒളിമ്പിക്‌സിലൂടെ കാരുണ്യ നഗരം എന്ന വിശിഷ്ട നാമം കൂടി നല്‍കാനാവും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പത്രസമ്മേളനത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍പി. ദിവാകരന്‍
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഡോ. റോയ് ജോണ്‍. വി,
എസ്ഒബി കേരളഏരിയ ഡയറക്ടര്‍ ഫാ. റോയ് കണ്ണഞ്ചിറ, റാണി ജോ, ഡോ. ജയരാജ്. എം. കെ, കാലിക്കറ്റ് പ്രസ്സ് ക്ലബ് സെക്രട്ടറി കെ. സജിത്ത് കുമാര്‍, എ. അഭിലാഷ് ശങ്കര്‍ മാനേജര്‍, യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍, എം. മന്‍സൂര്‍, പ്രോജക്ട് ഡവലപ്പ്‌മെന്റ് ഓഫീസര്‍, യുഎല്‍സിസിഎസ് ഫൌണ്ടേഷന്‍, കമാല്‍ വരദൂര്‍,1. പി. കെ. എം. സിറാജ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *