ഹരിത ഭവനങ്ങളില്‍ ‘പ്രൊഫ. ശോഭീന്ദ്രന്‍ പക്ഷിക്ക് കുടിനീര്‍ പദ്ധതി’
കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി ‘പ്രൊഫ. ശോഭീന്ദ്രന്‍ പക്ഷിക്ക് കുടിനീര്‍ പദ്ധതി’. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വീടുകള്‍ക്ക് സമീപവും വിദ്യാലയ വളപ്പിലും പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കുമായി ഒരു പരന്ന പാത്രത്തില്‍ കുടിവെള്ളം ഒരുക്കുന്ന പദ്ധതിയാണ് ഇത്. കൊതുകുകള്‍ മുട്ടയിടാതിരിക്കാന്‍ നിത്യേന വെള്ളം മാറ്റി കൊടുക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ നിര്‍വഹിച്ചു. പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന ബോധം കുട്ടികളില്‍ ഉറപ്പിക്കാന്‍ പദ്ധതി സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. നിറവ് ബനാന ബാങ്ക് ചെയര്‍മാന്‍ സി പി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. ടി അമ്‌ന പ്രതിജ്ഞ ചൊല്ലി. സരസ്വതി ബിജു പരിസ്ഥിതി കവിതയും വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ഗാനവും അവതരിപ്പിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ് എ സല്‍മാന്‍ പദ്ധതി വിശദീകരിച്ചു. ട്രഷറര്‍ എം ഷഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പൂര്‍ണിമ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനീഷ, പിടിഎ പ്രസിഡന്റ് കെ സജീവ് കുമാര്‍, ഹരിത ഭവനം കോഡിനേറ്റര്‍മാരായ ലീന സക്കറിയ, സുനിത ശ്രീനിവാസ്, ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് ഷജീര്‍ഖാന്‍ വയ്യാനം, നിറവ് ചെയര്‍മാന്‍ പി പി മോഹനന്‍, ഹാഫിസ് പൊന്നേരി, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.