12-മത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് നാളെ സര്‍ഗലയില്‍ തുടക്കം

12-മത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് നാളെ സര്‍ഗലയില്‍ തുടക്കം

പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് നാളെ സര്‍ഗലയില്‍ തുടക്കം കുറിക്കുന്നു.ലോകമെമ്പാടുമുള്ള മനുഷ്യര്‍ കരവിരുതില്‍ തീര്‍ക്കുന്ന മഹാത്ഭുതങ്ങള്‍ക്ക് ഇവിടെ ആതിഥ്യമരുളും.മേളയുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് 22-നു വൈകിട്ട് 6 മണിക്ക് നിര്‍വഹിക്കും. കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിക്കും. പി. ടി. ഉഷ എംപി തീം വില്ലേജ് സോണ്‍ ഉദ്ഘാടനം ചെയ്യും.

പരമ്പരാഗതസങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരുക്കുന്ന ഹാന്‍ഡ്ലൂം, കളരി, സുഗന്ധവ്യഞ്ജനം, മുള, കളിമണ്‍, അറബിക് കാലിഗ്രഫി, തെയ്യഗ്രാമങ്ങള്‍ എന്നിവ ഇത്തവണത്തെ മേളയുടെ സവിശേഷതയാണ്. രുചിയുടെ സകലവകഭേദങ്ങളും നുണയാന്‍ ഇരുപതോളം സ്റ്റാളുകളും സര്‍ഗ്ഗാലയയില്‍ ഭക്ഷ്യമേളയുടെ ഭാഗമായി ഒരുങ്ങുന്നു.

സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ നടത്തുന്ന ഇന്ത്യന്‍ ഫോക്ഡാന്‍സ് ഫെസ്റ്റിവെലില്‍ മിക്ക സംസ്ഥാനത്തുംനിന്നുള്ള സംഘങ്ങളെത്തും. പാറക്കെട്ടുകള്‍ക്കു കീഴെ, ജലാശയത്തില്‍ ഒരുങ്ങുന്ന സ്വപ്നതുല്യമായ വേദിയില്‍ സൂരജ് സന്തോഷ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കണ്ണൂര്‍ ഷെരീഫ് , മെന്റലിസ്റ്റ് അനന്തു, അനിത ഷെയ്ക് തുടങ്ങി നാളെയുടെ നക്ഷത്രങ്ങളായ യുവജനോത്സവവിജയികള്‍ വരെയുള്ള നിരവധി കലാകാരര്‍ ആഘോഷരാവുകള്‍ തീര്‍ക്കും.

വൈവിധ്യമേറിയ റൈഡുകളും ടാസ്‌ക്കുകളും ഉള്‍ക്കൊള്ളിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെയുള്ള ഗെയിം, എന്റര്‍ടൈന്‍മെന്റ് സോണുകള്‍, സാഹസിക്കാര്‍ക്കായി ഓള്‍ ടെറൈന്‍ വെഹിക്കിള്‍സ് തുടങ്ങി വിനോദപ്രാധാന്യമുള്ള നിരവധി പുതുമകള്‍ ഈ വര്‍ഷത്തെ മേളയുടെ ഭാഗമാണ്. നാനൂറ് അടി നീളത്തില്‍ ഒരുങ്ങുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ മത്സ്യങ്ങളുടെ ലോകത്തേക്ക് കൗതുകവും വിനോദവും വിജ്ഞാനവും പകരുന്ന സവിശേഷയാത്രയാകും.

കലാ കരകൗശല മേഖലയ്ക്കു മുന്‍തൂക്കം നല്‍കി ‘മാതൃഭൂമി’ ഒരുക്കുന്ന പുസ്തകമേള, കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ സോണ്‍, കുട്ടികള്‍ക്കായുള്ള കരകൗശലപരിശീലനം എന്നിവ മേളയിലെ ശ്രദ്ധേയ ഇടപെടലുകളാവും.

മലബാറിന്റെ ടൂറിസം വികസനത്തിനു വ്യക്തതയും വേഗവും പ്രദാനം ചെയ്യാനുദ്ദേശിച്ച് മന്ത്രിമാര്‍, ഉന്നത ഉദ്യഗസ്ഥര്‍, ടൂറിസം മേഖലയിലെ സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ടൂറിസം ടോക്ക് സീരീസ് മേളയ്ക്ക് പുതിയ ആശയതലം പകരും. കൂടാതെ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് സര്‍ഗാലയ സംഘടിപ്പിച്ച അന്തര്‍ദേശീയ കരകൗശലഅവാര്‍ഡുകള്‍ ഉദ്ഘാടനദിവസം നല്‍കും.

 

 

12-മത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് നാളെ സര്‍ഗലയില്‍ തുടക്കം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *