പി.ടി.നിസാര്‍
കോഴിക്കോട്: ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് 27, 28,29 തിയതികളിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടക്കും.സാഹിത്യ നഗരം എന്നതുപോലെ കോഴിക്കോട് കാരുണ്യ നഗരം കൂടി ആയി മാറുന്നതിന്റെ ചുവട് വെപ്പാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് എന്നും പരിപാടിയുടെ ജന.കണ്‍വീനറും യുഎല്‍സിസിഎസ് ചാരിറ്റബിള്‍ ആന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടറും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷനുമായ ഡോ.എം.കെ.ജയരാജ് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 245 സ്ഥാപനങ്ങളില്‍ നിന്നായി 5000ത്തോളം പേര്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, ജനറല്‍ സ്‌കൂളിലെ ഭിന്നശേഷിക്കാര്‍ എന്നീ 3 വിഭാഗത്തിലുള്ളവരാണ് മത്സരിക്കുക. ജില്ലയിലെ 32 സ്‌പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികളും മാറ്റുരക്കുന്നുണ്ട്. 6 വയസ്സ് മുതല്‍ പ്രായമുള്ള ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. മലബാറില്‍ നടക്കുന്ന ആദ്യ സ്റ്റേറ്റ് മീറ്റാണിത്. 5000 മത്സരാര്‍ത്ഥികളുടെ കൂടെയെത്തുന്ന 2500 പേരടക്കം 7500 പേര്‍ക്ക് രുചിയുടെ നഗരം ആതിഥ്യമരുളും.
6 കാറ്റഗറിയില്‍ 575 ഇവന്റുകളാണ് നടക്കുന്നത്. മത്സരാര്‍ത്ഥിയുടെ പ്രായം, കുറഞ്ഞ കഴിവുള്ളവര്‍, കൂടിയ കഴിവുള്ളവര്‍, എന്നീ മാനദണ്ഡങ്ങളാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായ് പരിഗണിക്കുന്നത്. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.സ്‌റ്റേറ്റ് ഒളിമ്പിക്‌സില്‍ വിജയികളാകുന്നവര്‍ക്ക് നാഷണല്‍ ഒളിമ്പിക്‌സിലും തുടര്‍ന്ന് വേള്‍ഡ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സിലും പങ്കെടുക്കാന്‍ അവസരമുണ്ട്.
സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ പ്രചരണാര്‍ത്ഥം വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. ജില്ലയിലെ 8 സ്‌പെഷ്യല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് വിളംബര ജാഥകള്‍ നടന്നു കഴിഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് മീഡിയോ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ന് സിഎസ്‌ഐ പള്ളി അങ്കണത്തില്‍ നിന്നാരംഭിച്ച് മാനാഞ്ചിറയില്‍ സമാപിച്ച ബഡ്ഡി മാര്‍ച്ച് വന്‍ വിജയമായിരുന്നു. നൂറ് കണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ‘ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന വ്യക്തി ഒറ്റക്കല്ല ഞങ്ങളും കൂടെയുണ്ട്്’ എന്ന സന്ദേശമുയര്‍ത്തി നടത്തിയ ബഡ്ഡി മാര്‍ച്ച് സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നത്.
സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെഡലുകള്‍ സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്‍കും. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ചെയര്‍പേഴ്‌സണും, ഫാദര്‍ റോയ് കണ്ണംചിറ ഏരിയ ഡയറക്ടറും 21 വിവിധ സബ്കമ്മിറ്റികളും സ്‌പെഷ്യല്‍ ഒളിമ്പികിസിന്റെ വിജയത്തിനായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരാണ് വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍. സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് എത്തുന്നവരുടെ താമസ സൗകര്യം ഒരുക്കുന്നത് ദേവഗിരി കോളേജ് കാമ്പസാണ്. കോഴിക്കോട് കോര്‍പ്പറേഷനും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. സത്യത്തിന്റെ, മധുരത്തിന്റെ, സഹിത്യത്തിന്റെ നഗരമായ കോഴിക്കോടിന് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ലഭിച്ചത് വലിയ സൗഭാഗ്യമാണ്.
1990കളിലാണ് സംസ്ഥാനത്ത് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ഒളിമ്പിക്‌സിന്റെ മാതൃകയില്‍ 4 വര്‍ഷത്തിലൊരിക്കലാണ് ഇത് സംഘടിപ്പിക്കുന്നത്. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വിജയിപ്പിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ചരിത്രത്തിന്റെ ഉത്തുംഗതയില്‍ വൈശിഷ്ട്യങ്ങളുടെ തലയെടുപ്പുമായി മുന്നേറുന്ന കോഴിക്കോടിന്റെ തിരുനെറ്റിയില്‍ കാരുണ്യത്തിന്റെ പൊന്‍ സൂര്യന്‍ ഉദിച്ചുയരുന്ന ദിനങ്ങളാണ് 27, 28, 29. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കോഴിക്കോടിന്റെ ചരിത്രം കാരുണ്യത്തിന്റെ നഗരം എന്നു കൂടി അടയാളപ്പെടുത്തുമെന്ന് ഡോ.എം.കെ.ജയരാജ് കൂട്ടിച്ചേര്‍ത്തു.