കോഴിക്കോട്: വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രയോജനപ്പെടുത്തണമെന്നും ജനങ്ങള്‍ക്ക് കിട്ടാത്ത വിവരങ്ങള്‍ വിവരാവകാശ നിയമത്തിലൂടെ നേടിയെടുത്ത് വാര്‍ത്തകളാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ.ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച വിവരാവകാശ നിയമവും മാധ്യമങ്ങളും എന്ന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശം തേടുന്നവരോട് വിവരം ലഭ്യമല്ല എന്നു പറയാന്‍ ഉദ്യാഗസ്ഥര്‍ക്ക് പറ്റില്ല. സമൂഹത്തിലെ അഴിമതികള്‍ അവസാനിപ്പിക്കാനും ഭരണാധികാരികളെ തിരുത്താനും വിവരാവകാശത്തിലൂടെ സാധിക്കും. വിവരാവകാശ നിയമം എടുത്തു മാറ്റിയാല്‍ രാജ്യം ഡിഗ്രേഡ് ചെയ്യപ്പെടും. വിവരാവകാശ നിയമം പാസ്സാകുന്നതിന് മുമ്പ്് തന്നെ പത്ര പ്രവര്‍ത്തകര്‍ അന്വേഷണാത്മക മാധ്യമ ശൈലിക്ക് പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ ഇന്ന് ആര്‍ടിഐ നിലവില്‍ വന്നിട്ടും അതിനെ വാര്‍ത്താ സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായി ഉണ്ടാകുന്നില്ല.
ജനങ്ങളെ ഭരണ സംവിധാനങ്ങളുമായി അടുപ്പിച്ച ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമായിരുന്നു 2005ല്‍ പാസ്സാക്കിയ ആര്‍ടിഐ ആക്ട്. മാധ്യമ സ്ഥാപനങ്ങളില്‍ ആര്‍ടിഐ സെല്‍ രൂപീകരിക്കുന്നത് ഫലപ്രദമായിരിക്കും. യുവജനങ്ങള്‍ ജോലിയില്‍ വരുന്നതിന് മുമ്പ് വിവരാവകാശ സാധ്യത ഉപയോഗപ്പെടുത്തുകയും ജോലി ലഭിച്ചാല്‍ അതിനോട് മുഖം തിരിച്ച് നില്‍ക്കുകയും റിട്ടയര്‍മെന്റിന് ശേഷം വിവരാവകാശ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്. വിവരാവകാശ പ്രവര്‍ത്തകനെ ശത്രുക്കളായി കാണുന്ന അവസ്ഥയുമുണ്ട്. ഭരണത്തില്‍ സുതാര്യത ഉണ്ടാകുവാന്‍ വിവരാവകാശ നിയമം വഴിയൊരുക്കിയെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് മുന്‍ പ്രസിഡണ്ട് കൂടിയായ ടി.കെ.രാമകൃഷ്ണന് ചടങ്ങില്‍ സ്വീകരണം നല്‍കി. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ടുമാരായ കമാല്‍ വരദൂര്‍, എം.ഫിറോസ് ഖാന്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.കെ.സജിത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.എസ്.രേശ്മ നന്ദിയും പറഞ്ഞു.