മാനന്തവാടി:കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിക്കു സമീപം പാഞ്ഞടുത്ത കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.. ബൈക്ക് മറിഞ്ഞു വീണ വിദ്യാര്‍ഥി കൊമ്പന്റെ മുമ്പില്‍ പെട്ടു. ഇവര്‍ക്കു പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണു വിദ്യാര്‍ഥിക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായത്. മൈസൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കര്‍ണാടകയിലെ നാഗര്‍ഹോള വനത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഇന്നു രാവിലെ രണ്ട് ബൈക്കുകളില്‍ വിദ്യാര്‍ഥികള്‍ പോകുകയായിരുന്നു. മുന്നില്‍ പോയിരുന്ന ബൈക്കിലെ വിദ്യാര്‍ഥിയാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. പിറകില്‍ മറ്റൊരു ബൈക്കിലും വിദ്യാര്‍ഥികളുണ്ടായിരുന്നു. കാട്ടാനയുടെ മുന്നില്‍ വിദ്യാര്‍ഥി വീണപ്പോള്‍ പിന്നാലെയെത്തിയ ലോറി ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. ഇതിനിടെ വിദ്യാര്‍ഥി ഓടി ലോറിയില്‍ കയറി. വിദ്യാര്‍ഥികളെക്കുറിച്ചും ലോറി ഡ്രൈവറെക്കുറിച്ചുമുള്ള വിവരം ലഭ്യമായില്ല.