രേഖകള്‍ വീണ്ടും സമര്‍പ്പിക്കണം; വിദ്യാര്‍ഥികളോട് കാനഡ സര്‍ക്കാര്‍
കാനഡ: ഉപരിപഠനത്തിനായി എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് സ്റ്റഡി പെര്‍മിറ്റ്, വിസ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ കാനഡ വീണ്ടും ആവശ്യപ്പെട്ടതായി വിവരം. എന്നാല്‍ ഈ രേഖകള്‍ എല്ലാം അവര്‍ മുന്‍പു നല്കിയിട്ടുള്ളതാണ്. 2 വര്‍ഷത്തിലേറെ വിസ കാലാവധിയുള്ള വിദ്യാര്‍ത്ഥികളും ഈ കൂട്ടത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വിദേശ വിദ്യാര്‍ത്ഥികളുടെ നടപടികള്‍ കൈകാര്യം ചെയ്യുന്ന ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്‍ഡ് സിറ്റിസന്‍ഷിപ് കാനഡയാണ് (ഐആര്‍സിസി) ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ചിലരോടു നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്കു തടയാനായി ഐആര്‍സിസി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്നു 4.2 ലക്ഷം വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ട്.
ഈ വിദ്യാര്‍ത്ഥികള്‍ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. അതേസമയം രേഖകള്‍ ചോദിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇ മെയില്‍ ലഭിക്കുന്നുണ്ട്. പഠനത്തിനല്ലാതെ അനധികൃത കുടിയേറ്റത്തിനെത്തിയവരെയാണ് ഇപ്പോള്‍ ഈ നടപടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐആര്‍സിസി പറയുന്നു. ശരിയായ പഠനത്തിനെത്തിയവര്ക്ക് പ്രശ്നമൊന്നുമില്ലെന്നും ഉറപ്പു നല്കുന്നു. ഇ മെയിലിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ യാതൊരു പ്രശ്നമൊന്നുമുണ്ടാകില്ലെന്നും പറയുന്നു.