കോഴിക്കോട്: പേരക്ക ബുക്‌സ് സംസ്്ഥാന ബാലസാഹിത്യ ക്യാമ്പ് (സെക്കന്‍ഡ് എഡിഷന്‍) പന്തലായനി ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (കൊയിലാണ്ടി) ഡിസംബര്‍ 21, 22 തീയതികളില്‍ യു.എ ഖാദര്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അന്‍പതുപേര്‍ക്കായാണ് ക്യാമ്പ്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലക്ക് 25ലേറെ എഴുത്തുകാര്‍ നേതൃത്വം നല്‍കും.
ശില്‍പ്പശാല 21ന് വൈകുന്നേരം മൂന്നുമണിക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടറും പ്രശസ്ത ബാലസാഹിത്യകാരനുമായ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പേരക്ക എഴുത്തു പുരസ്‌കാരവും നോവല്‍ പുരസ്‌കാരവും മറ്റു പുരസ്‌കാരങ്ങളും കല്‍പ്പറ്റ നാരായണന്‍ സമ്മാനിക്കും.
എഴുത്തുപുര മാസികയുടെയും പതിനഞ്ച് ബാലസാഹിത്യകൃതികളുടെയും പ്രകാശനവും ചടങ്ങില്‍ നടക്കും. ബാലഭാവനയുടെ ലോകാന്തരങ്ങള്‍, കുട്ടിത്തവും കുട്ടികളുടെ എഴുത്തും, വൈജ്ഞാനിക ബാലസാഹിത്യത്തിന്റെ വിശാലത, പുസ്തകവിപണിയിലെ സാധ്യതകള്‍, കുഞ്ഞുമനസ് എങ്ങനെ കവരാം, എന്നീ വിഷയങ്ങളില്‍ സജയ് കെ.വി, വിമീഷ് മണിയൂര്‍, സത്യന്‍ മാടാക്കര, അബു ഇരിങ്ങാട്ടിരി, രാധാകൃഷ്ണന്‍ എടച്ചേരി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ബിജു കാവില്‍, റഹ്‌മാന്‍ കിടങ്ങയം, മുനീര്‍ അഗ്രഗാമി, ഹക്കീം ചോലയില്‍, അബ്ദുല്ല പേരാമ്പ്ര, ശശികുമാര്‍ സോപാനത്ത്, നിസാര്‍ അഹമ്മദ്, ബിനേഷ് ചേമഞ്ചേരി, ശരീഫ് വി കാപ്പാട്, കീഴരിയൂര്‍ ഷാജി, വിനീത മണാട്ട് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
പേരക്ക സംസ്ഥാനതല ബാലസാഹിത്യക്യാമ്പ് കൊയിലാണ്ടിയില്‍