മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാംപില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ഉദ്യോഗസ്ഥന്‍ വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനവും ചതിയും സൂചിപ്പിക്കുന്നതാണ് കുറിപ്പ്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥന്റെയും പേരുകള്‍ കുറിപ്പിലുണ്ട്. മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്.
റിഫ്രഷ്‌മെന്റ് കോഴ്‌സ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാനസിക പീഡനം നേരിടേണ്ടി വന്ന വിനീതിനോട് മനുഷ്യത്വരഹിതമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് ടി സിദ്ധിഖ് എംഎല്‍എ ആരോപിച്ചു. മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. പോലീസുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ പോലും അവധി അനുവദിച്ചില്ല. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിനീത് നേരിട്ട് പീഡനങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ ബന്ധുക്കളുടെ പക്കല്‍ ഉണ്ടെന്നും ടി സിദ്ധിഖ് പറഞ്ഞു.