‘സര്‍ക്കാരിനെയോ കസ്റ്റമറിനെയോ കമ്പനിയെയോ പറ്റിച്ചു പണമുണ്ടാക്കരുത്’; എം.എ. യൂസഫലി : കോട്ടയത്ത് ലുലു മാള്‍ തുറന്നു
കോട്ടയം: മധ്യ തിരുവിതാംകൂറിനു ഷോപ്പിങ്ങിന്റെ നവ്യാനുഭവം പകര്‍ന്ന് കോട്ടയം ലുലു മാള്‍ തുറന്നു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ കോട്ടയം മണിപ്പുഴയില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 4 മുതല്‍ പൊതുജനങ്ങള്‍ക്കു മാളിലേക്ക് പ്രവേശനമുണ്ട്.
കേരളം ഒരു മുതിര്‍ന്ന പൗരന്മാരുടെ സ്വര്‍ഗമായി മാറരുതെന്ന് എം.എ. യൂസഫലി. ”ഇവിടെ ചെറുപ്പക്കാര്‍ വിദേശത്തേക്കു പോകുകയാണ്. കേരളത്തില്‍ പുതിയ പദ്ധതികള്‍ വരണം. പഴയനിയമങ്ങള്‍ മാറി പുതിയ നിയമങ്ങള്‍ വരണം, വാണിജ്യ പദ്ധതികള്‍ വരണം. മൂന്ന് കാര്യങ്ങളാണ് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോടു പറയാറുള്ളത് – കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ നിയമവിരുദ്ധമായി പണം സമ്പാദിക്കരുത്. സര്‍ക്കാരിനെയോ കസ്റ്റമറിനെയോ കമ്പനിയെയോ പറ്റിച്ചു പണമുണ്ടാക്കരുത്.
ഗുണനിലവാരം ഉള്ള സാധനങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളു. 23,000ല്‍ ഏറെപ്പേര്‍ ഇന്ത്യയില്‍ ലുലു ഗ്രൂപ്പിനായി ജോലി ചെയ്യുന്നുണ്ട്. ഫുഡ് പ്രോസസിങ് യൂണിറ്റുകളിലൂടെ ഗുണനിലവാരമുള്ള ഭക്ഷണം കൊടുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. കോട്ടയത്ത് അതായിരിക്കും ഞങ്ങളുടെ മുഖമുദ്ര. എല്ലാവരും വന്ന് അനുഗ്രഹിച്ചതില്‍ നന്ദി. 2000 പേര്‍ കോട്ടയം മാളില്‍ നേരിട്ടും പരോക്ഷമായും ജോലി ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതിനനുസരിച്ചു നമ്മള്‍ ജീവിക്കണം. അതിന്റെ ഭാഗമാണ് ജനപ്രതിനിധികള്‍. അവര്‍ക്കു വലിയ പ്രാധാന്യമുണ്ട്. ജനങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ തുറന്നുകൊടുക്കുന്ന ഈ സംരംഭം പണം സമ്പാദിക്കാന്‍ വേണ്ടിയുള്ള ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്ല. പണം സമ്പാദിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ ഉണ്ട്. ഇത് കോട്ടയത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണ്. കേരളത്തെ വളര്‍ത്താന്‍ രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, ബിസിനസുകാര്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. യൂട്യൂബര്‍മാര്‍ പലതും നശിപ്പിക്കാന്‍ വേണ്ടിയാണു ശ്രമിക്കുന്നത്. നമ്മളെ ആട്ടിപ്പായിക്കാന്‍ ചില വ്‌ലോഗര്‍മാര്‍ ഉണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരാരും ഈ നാടിനു വേണ്ടി ഒരു സംഭാവനയും ചെയ്യാതെ നാട്ടിലെ പലതും നശിപ്പിക്കാനാണു നിലനില്‍ക്കുന്നത്” അദ്ദേഹം പറഞ്ഞു. മാളില്‍ തിയറ്റര്‍ ഉടന്‍ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.