പാലക്കാട്: അപകടമരണങ്ങള്‍ സ്ഥിരമായ പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടം വളവില്‍ ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. റോഡിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും അത് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിറ്റി പണം അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പണം അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോറി ദേഹത്തേക്കു മറിഞ്ഞ് 4 വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് പനയംപാടം വളവില്‍ മന്ത്രി പരിശോധന നടത്തിയത്. പ്രാദേശിക സാഹചര്യം മനസ്സിലാക്കാതെയാണ് പല റോഡുകളും നിര്‍മിക്കുന്നത്. പനയംപാടത്ത് വളവില്‍ റോഡിനു നടുവിലെ വരമാറ്റി രണ്ടു മീറ്റര്‍ അപ്പുറത്തേക്ക് ഡിവൈഡര്‍ വയ്ക്കും. ഓട്ടോസ്റ്റാന്‍ഡ് ഇടതു ഭാഗത്തേക്ക് മാറ്റും. റോഡിന്റെ പ്രതലം പരുക്കനാക്കും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. റോഡിലെ തെന്നല്‍ മാറാന്‍ ദേശീയപാത അധികൃതരുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
പനയംപാടം ജംക്ഷനോട് അടുത്തുവരുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് വലത്തേക്ക് വാഹനം ചേര്‍ക്കാന്‍ തോന്നും. റോഡ് പണിതതിലെ പ്രശ്‌നമാണത്. പാലക്കാടുനിന്ന് കോഴിക്കോടേയ്ക്ക് വരുമ്പോള്‍, റോഡിന്റെ ഒരു ഭാഗത്ത് വീതി കുറവാണ്. ഒരു വണ്ടിക്ക് പോകാവുന്ന വീതിയേയുള്ളൂ. മറുവശത്ത് രണ്ടു വാഹനം കടന്നുപോകാവുന്ന വീതിയുണ്ട്. നടുവിലുള്ള വര കേന്ദ്രീകരിച്ച് ഡ്രൈവര്‍മാര്‍ പോകുമ്പോള്‍ വാഹനം വലത്തേക്ക് കയറിവരും. അങ്ങനെ കയറിവന്ന ലോറിയുടെ പുറകുവശമാണ് സിമന്റ് ലോറിയില്‍ തട്ടിയതെന്നും മന്ത്രി പറഞ്ഞു.
പനയംപാടം വളവില്‍ വാഹനമോടിച്ച്
പരിശോധന നടത്തി മന്ത്രി ഗണേഷ് കുമാര്‍