കാമ്പസുകള്‍ അക്രമ രഹിതമാകണം (എഡിറ്റോറിയല്‍)

കാമ്പസുകള്‍ അക്രമ രഹിതമാകണം (എഡിറ്റോറിയല്‍)

അഹിംസാ സിദ്ധാന്തം മുറുകെപിടിച്ച മഹാത്മജിയുടെ നാടാണ് ഭാരതം. ഗാന്ധിജിയുടെ സഹന സമരത്തിന്റെ മഹനീയ മാതൃക ഇന്ന് ലോകം മുഴുവന്‍ നെഞ്ചേറ്റുകയാണ്. രാഷ്ട്ര സ്വാതന്ത്ര്യത്തിന്റെ പ്രധാന വഴിത്താരകളിലൊന്നായിരുന്നു ഗാന്ധിയന്‍ ദര്‍ശനം. സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തിയ മറ്റ് ഘടകങ്ങളെയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ലോകം അംഗീകരിച്ച സമാധാനപരമായ ജനാധിപത്യ സംവിധാനത്തിന്റെ മാതൃകാസ്തംഭമാണ് നമ്മുടെ രാജ്യം. അതുകൊണ്ട് ഇവിടെ കാമ്പസുകളില്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയക്ക് വലിയ പ്രാധാന്യവുമുണ്ട്. ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളെ രാജ്യം നയിക്കേണ്ടവര്‍ എന്നത്‌കൊണ്ട്തന്നെ നമ്മുടെ സ്‌കൂള്‍ തലം മുതല്‍ നിലനില്‍ക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അതീവ പ്രാധാന്യമുണ്ട്.

ഇന്ന് നമ്മെ നയിക്കുന്ന ഭരണാധികാരികളാവട്ടെ, ഉന്നതരായ രാഷ്ട്രീയ നേതാക്കളാവട്ടെ അവരെല്ലാം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന്‌വന്നവരാണ് എന്നത് ആഹ്‌ളാദകരംതന്നെയാണ്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല.

കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ആശയപരമായ വൈജാത്യം കൊണ്ട് സമ്പുഷ്ടമാകണം. ഓരോ വിദ്യാര്‍ത്ഥി സംഘടനകളും അവരവരുടെ ആശയങ്ങള്‍ സമാധാനപരമായി, ജനാധിപത്യ മാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികളോട് വിശദീകരിക്കട്ടെ. പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കട്ടെ.

ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ വിലയിരുത്തി മുന്നോട്ട് പോകാന്‍ പ്രാപ്തിയുള്ളവരാണ്. അങ്ങനെ വരുമ്പോള്‍ കാമ്പസുകളില്‍ അക്രമ രാഷ്ട്രീയത്തിനെന്ത് പ്രസക്തി?. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ആശയ സംവാദ രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കുകയും തങ്ങളുടെ സംഘടനകളില്‍ ആരെങ്കിലും അക്രമ ചിന്താഗതിയുള്ളവരുണ്ടെങ്കില്‍ അവരെ നിരുത്സാഹപ്പെടുത്തുകയും വേണം.

കണ്ണൂരിലെ പോളി ടെക്‌നിക്കിലും കോഴിക്കോട് ലോ കോളേജിലും നടന്ന അക്രമ സംഭവങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ നമ്മുടെ കുട്ടികലെയോര്‍ത്ത് ദുഃഖിക്കാതിരിക്കാനാവില്ല. അച്ഛനുമമ്മയും കഷ്ടപ്പെട്ടാണ് പ്രതീക്ഷകളോടെ മക്കളെ വളര്‍ത്തി വലുതാക്കി പഠിപ്പിച്ച് നല്ല നിലയിലാക്കാനായി പഠനത്തിനയക്കുന്നത്. അവര്‍ കാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അക്രമത്തിന് വിധേയരാവുകയും ജീവന്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമ്പോള്‍ എങ്ങനെ താങ്ങാനാവും.

കുട്ടികളെ നിങ്ങള്‍ പഠനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം രണ്ടാമതാണ്. കാമ്പസുകളില്‍ നിങ്ങള്‍ നടത്തുന്ന മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ നാടിനെ നയിക്കുന്ന മാതൃകാ നേതാക്കളായി വളരാനാണ് നാടും നിങ്ങളെ സ്‌നേഹിക്കുന്നവരും ആഗ്രഹിക്കുന്നത്.

എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്നതാണ് വസ്തുത. ഇന്ന് നമുക്കുള്ള നേതാക്കളെല്ലാം അറുപത് കഴിഞ്ഞവരാണ്. അതുകൊണ്ട് തന്നെ നേതാക്കളെന്നതിലുപരി രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് അക്രമത്തിനിറങ്ങി പുറപ്പെടുന്ന കുട്ടികളെ നിങ്ങള്‍ ഉപദേശിക്കുകയും നിങ്ങളുടെ നിയന്ത്രണങ്ങളിലുള്ള വിദ്യാര്‍ത്ഥി സംഘടനകളെ മാതൃകാപരമായി മുന്നോട്ട് നയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും വേണം.

കേരളത്തിലെ കാമ്പസുകള്‍ ഏറെ മികച്ചതാണ്. അതിപ്രഗത്ഭരായ അധ്യാപകര്‍, മികച്ച അടിസ്ഥാന സൗകര്യം പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ മാറോടണയ്ക്കുന്ന ജനത എല്ലാം നമുക്കുണ്ട്. നന്നായി പഠിക്കുകയും, നമ്മുടെ പ്രകൃതിയെയും, ചുറ്റുപാടുകളെയും സംരക്ഷിക്കുകയും, വായനയും, കലയും, സാഹിത്യവും ശാസ്ത്രവും അലയടിക്കുന്ന സര്‍ഗ്ഗാത്മക കാമ്പസുകളായി നമുക്ക് മാറ്റാനാവണം.

കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിന് വലിയ സംഭാവന നല്‍കിയ ഉന്നതരായ നേതാക്കളെ സംഭാവന ചെയ്ത പാരമ്പര്യമുള്ളതാണ് നമ്മുടെ കാമ്പസ് രാഷ്ട്രീയം. പഠിക്കുന്ന കാലത്ത് പഠനത്തിന് മുഖ്യ പ്രാധാന്യം കൊടുത്തുകൊണ്ട്, പരസ്പരം സ്‌നേഹിച്ചും, ഒന്നിച്ച് പ്രവര്‍ത്തിച്ചും നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് മുന്നേറണം. പുതിയ കാലത്തിന്റെ കടമകള്‍, വെല്ലുവിളികള്‍ നേരിടാനുള്ള സര്‍ഗ്ഗാത്മക രാഷ്ട്രീയം വിടരുന്ന ഉദ്യാനങ്ങളാവാന്‍ നമ്മുടെ കാമ്പസുകള്‍ക്ക് സാധിക്കട്ടെ.

 

 

 

കാമ്പസുകള്‍ അക്രമ രഹിതമാകണം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *