ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. കലാപത്തില്‍ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ വസ്തുക്കള്‍, കൈയ്യേറ്റം ചെയ്യപ്പെട്ട സ്വത്തുക്കള്‍ എന്നിവയുടെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്നാണു കോടതി നിര്‍ദേശം. പ്രതികള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനുവരി 20നാണു കേസ് വീണ്ടും പരിഗണിക്കുക.
കുടിയിറക്കപ്പെട്ടവര്‍ക്കു പാര്‍പ്പിടം നല്‍കുന്നതിനുള്ള ഫണ്ടിനെ സംബന്ധിച്ച ജസ്റ്റിസ് മിത്തല്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ മറുപടി നല്‍കാനും കോടതി സംസ്ഥാനത്തോടു നിര്‍ദ്ദേശിച്ചു. സ്വത്തുക്കള്‍ നഷ്ടപ്പെട്ട യഥാര്‍ഥ ഭൂവുടമകളുടെ പേരും വിലാസവും ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്നവരെയടക്കം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും വേണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.