ന്യൂഡല്‍ഹി : സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ താഴെ തട്ടില്‍ എത്തിക്കുന്നതിനും, ജാതി മത കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും റെസിഡന്റ്സ് അസോസിയേഷനുകള്‍ വഹിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഒരു ദേശീയ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നയം പ്രഖ്യാപിക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ( കോര്‍വ ) അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റെഡിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് ലീഗല്‍ സ്റ്റാറ്റസ് അനുവദിക്കണമെന്നും, വിദ്യാഭ്യാസ രംഗത്തും, ചികിത്സാ രംഗത്തും നില നില്‍ക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി ഇസ്‌ക്കോണ്‍ ടെംപിള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അഖിലേന്ത്യാ പ്രസിഡണ്ട് കേണല്‍ തേജേന്ദ്ര പാല്‍ ത്യാഗി വീര്‍ ചക്ര അധ്യക്ഷത വഹിച്ചു. കേരളത്തില്‍ നിന്നും അഖിലേന്ത്യാ സെക്രട്ടറി പി സി അജിത് കുമാര്‍ (എറണാകുളം ), അഖിലേന്ത്യാ ജോ. സെക്രട്ടറി എം കെ ബീരാന്‍ (കോഴിക്കോട് ) എന്നിവര്‍ പങ്കെടുത്തു. പി സി അജിത് കുമാറിനെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി യോഗം തെരഞ്ഞെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ ദേശീയ റെസിഡന്റ്സ് വെല്‍ഫെയര്‍
അസോസിയേഷന്‍ നയം പ്രഖ്യാപിക്കണം – കോര്‍വ