ദില്ലി: പൊതുമേഖല ടെലികോം നെറ്റ്വര്ക്കായ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വന്നിരിക്കുന്നു. രാജ്യത്തെ 12 നഗരങ്ങളില്‍ക്കൂടി അതിവേഗ 4ജി സേവനം ബിഎസ്എന്‍എല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
വന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയ്ക്ക് പുറമെ അഹമ്മദാബാദ്, അഗര്‍ത്തല, ചണ്ഡീഗഡ്, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ലക്നൗ, റായ്പൂര്‍ എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ അതിവേഗ 4ജി വിന്യാസം പൂര്‍ത്തിയായി. മറ്റ് നഗരങ്ങളിലും ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 51,700ലേറെ 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കിയത്. ഭൂരിപക്ഷവും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തു.
ഉപഭോക്താക്കള്‍ക്ക് 4ജിയിലൂടെ മികച്ച നെറ്റ്വര്‍ക്ക് കവറേജും അതിവേഗ ഇന്റര്‍നെറ്റും എത്തിക്കാന്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നു. 700MHz, 2100MHz ബാന്‍ഡുകള്‍ സംയോജിപ്പിച്ചാണ് ബിഎസ്എന്‍എല്‍ 4ജി വിന്യസിക്കുന്നത്. 700MHz മികച്ച കവറേജും 2100MHz അതിവേഗ ഡാറ്റാ സ്പീഡും നല്‍കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ നെറ്റ്വര്‍ക്കുകളുടെ ഇന്റര്‍നെറ്റ് വേഗത്തോട് കിടപിടിക്കുന്ന സേവനമാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്.
സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനാല്‍ ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിന് ലഭിച്ചു.
ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത;
12 നഗരങ്ങളില്‍ക്കൂടി അതിവേഗ 4ജി
സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍