പ്രവാസികൾ നിയമങ്ങൾ പാലിച്ച് ജീവിക്കണം: ഡോ. ഹുസൈൻ മടവൂർ

പ്രവാസികൾ നിയമങ്ങൾ പാലിച്ച് ജീവിക്കണം: ഡോ. ഹുസൈൻ മടവൂർ

ദമ്മാം: ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന രാജ്യമാണ് സൗദി അറേബ്യയെന്നും അതിനാൽ തന്നെ ഈ രാജ്യത്തിൻ്റെ നിയമങ്ങൾ പാലിക്കുന്നതിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ദമ്മാമിൽ പറഞ്ഞു.
ഓരോ രാജ്യത്തും നിലനിൽക്കുന്ന നിയമങ്ങൾ പാലിക്കുകയെന്നത് അവിടെ ജീവിക്കുന്ന എല്ലാവരുടെയും ബാധ്യതയാണ്.
ഇന്ത്യക്കാരോട് മൊത്തത്തിലും കേരളക്കാരോട് പ്രത്യേകിച്ചും സൗദികൾക്ക് പ്രത്യേക സ്നേഹമാണുള്ളത്. തൊഴിൽ മേഖലയിൽ നാം കാണിക്കുന്ന സത്യസന്ധതയും ആത്മാർത്ഥതയുമാണതിന്ന് കാരണം. ഇവിടെ എല്ലാ രാജ്യക്കാർക്കും എല്ലാ മത സമൂഹത്തിൽ പെട്ടവർക്കും തൊഴിൽ ലഭിക്കുന്നുണ്ട്. അവർക്കിവിടെ തൊഴിൽ ചെയ്യാം, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ നടത്താം, പണം സമ്പാദിച്ച് നാട്ടിലേക്കയക്കാം.
എന്നാൽ നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് സൗദി പൗരന്മാർക്കെന്ന പോലെ ശിക്ഷയും ലഭിക്കും. അതോടൊപ്പം ആർക്കെങ്കിലും മനുഷ്യാവകാശ ലംഘനമുണ്ടായെന്ന് വ്യക്തമായാൽ ഇരകൾക്ക് ന്യായമായ അവകാശങ്ങൾ ഉറപ്പ്‌ വരുത്താനുള്ള നിയമങ്ങളും സൗദിയിലുണ്ട്.

എംബസി അറ്റസ്‌റ്റ് ചെയ്യാത്ത തൊഴിൽ കരാറുകളുമായി വരുന്നതും ഏജൻ്റുമാർ വ്യാജരേഖകളുണ്ടാക്കുന്നതും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതിനാൽ വിദേശത്ത് തൊഴിൽ തേടി പോവുന്നവർ കേരള സർക്കാറിൻ്റെ പ്രവാസി വകുപ്പും നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ട് രേഖകൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പ് വരുത്തണം. ലഹരിക്കടത്തിൽ ജയിലിലാവുന്നതും അനുവാദമില്ലാതെ പരിപാടികൾ സംഘടിപ്പിച്ചതിനാൽ നാടുകടത്തപ്പെടുന്നതും പ്രവാസി തൊഴിലാളികളുടെ അശ്രദ്ധ മൂലമാണ്. ഗൾഫിൽ പോവുന്നവർക്ക് തൊഴിലിന്നാവശ്യമായ അത്യാവശ്യം അറബി ഭാഷാ പരിജ്ഞാനവും അന്നാട്ടിലെ ഉപചാര മര്യാദകളെക്കുറിച്ചുള്ള അറിവും മനസ്സിലാക്കുന്നത് ഏറെ ഉപകരിക്കും.

ഇസ്‌ലാമിൻ്റെ മാനവികതയും മിതത്വവും മനഷ്യാവകാശങ്ങളും കാത്തു സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ സൗദി അറേബ്യ ഏറെ മുന്നിലാണ്. വിദേശികൾക്ക് വേണ്ടി നിയമപരമായി പ്രവർത്തിക്കുന്ന ദഅവാ സെൻ്ററുകളും ഫോറിനേഴ്സ് ഗൈഡൻസ് സെൻ്ററുകളും പ്രവാസികൾക്ക് സൗജന്യമായി മതധാർമ്മിക ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. അവയെല്ലാം ഉപയോഗപ്പെടുത്തി നല്ല നിലയിൽ ജീവിച്ച് പോരാനുള്ള അവസരങ്ങൾ സൗദിയിലുണ്ട്. അതിനാൽ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

 

 

പ്രവാസികൾ നിയമങ്ങൾ പാലിച്ച് ജീവിക്കണം:
ഡോ. ഹുസൈൻ മടവൂർ

Share

Leave a Reply

Your email address will not be published. Required fields are marked *